വിവാദങ്ങള്‍ക്ക് പിന്നാലെ വില്‍ സ്മിത്ത് ഇന്ത്യയില്‍- ചിത്രങ്ങള്‍ പുറത്ത്

ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ നടന്‍ വില്‍ സ്മിത്ത് ഇന്ത്യയില്‍. മുംബൈ എയര്‍പോര്‍ട്ടിലെ പ്രൈവറ്റ് ടെര്‍മിനലില്‍ നില്‍ക്കുന്ന വില്‍ സ്മിത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. മുംബൈയിലെ ജെ.വി മാരിയറ്റ്…

ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ നടന്‍ വില്‍ സ്മിത്ത് ഇന്ത്യയില്‍. മുംബൈ എയര്‍പോര്‍ട്ടിലെ പ്രൈവറ്റ് ടെര്‍മിനലില്‍ നില്‍ക്കുന്ന വില്‍ സ്മിത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. മുംബൈയിലെ ജെ.വി മാരിയറ്റ് ഹോട്ടലില്‍ ആയിരുന്നു നടന്റെ താമസം. എന്തിനാണ് നടന്‍ വില്‍ സ്മിത്ത് ഇന്ത്യയില്‍ എത്തിയതെന്ന് വ്യക്തമല്ല.

ഒരു ഹിന്ദു സന്യാസിയും വില്‍ സ്മിത്തിനോടൊപ്പമുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ആത്മീയ രംഗത്തെ സദ്ഗുരുവുമായിട്ടുള്ള വില്‍ സ്മിത്തിന്റെ സൗഹൃദം എല്ലാവര്‍ക്കുമറിയാം. അമേരിക്കയിലെ സ്മിത്തിന്റെ വീട്ടില്‍ കുടുംബസമേതം സദ്ഗുരുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്. 2019ല്‍ അദ്ദേഹം ഹരിദ്വാര്‍ സന്ദര്‍ശിച്ചിരുന്നു.

ഈ വര്‍ഷത്തെ ഓസ്‌കാര്‍ പ്രഖ്യാപന വേദി കൂടുതല്‍ ചര്‍ച്ചയായതും ശ്രദ്ധേയമായതിനും പ്രധാന കാരണം നടന്‍ വില്‍ സ്മിത്ത് ആയിരുന്നു. മികച്ച നടനുള്ള ഓസ്‌കാര്‍ വില്‍ സ്മിത്ത് നേടിയതായിരുന്നില്ല കാരണം, മറിച്ച് പുരസ്‌കാരം നേടുന്നതിന് തൊട്ടു മുമ്പ് ഓസ്‌കാര്‍ വേദിയില്‍ കയറി അവതാരകന്‍ ക്രിസ് റോക്കിന്റ മുഖത്തടിച്ചതായിരുന്നു.

നടന്റെ ഭാര്യ ജാഡ പിങ്കെറ്റ് സ്മത്തിന്റെ അസുഖത്തെ കുറിച്ചുള്ള ക്രിസ് റോക്കിന്റെ തമാശയായിരുന്നു വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ സ്മിത്തിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് വില്‍ സ്മിത്തിനെ ഓസ്‌കാര്‍ വേദിയില്‍ നിന്ന് അക്കാദമി വിലക്കി. ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തിലാണ് തീരുമാനം.

അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോണ്‍ ഹഡ്‌സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. 94-ാമത് ഓസ്‌കാര്‍ അവാര്‍ഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മുടികൊഴിച്ചില്‍ അവസ്ഥയായ ‘അലോപ്പീസിയയുടെ’ ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് താരം റോക്കിനെ അടിച്ചത്. സംഭവ ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. തന്റെ പ്രവൃത്തിയില്‍ മാപ്പ് പറഞ്ഞ സ്മിത്ത് നേരത്തെ അക്കാദമിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.