രണ്ടും കൽപ്പിച്ചുള്ള ദളപതിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്; പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

തമിഴ്നാട്ടിൽ സ്വന്തം പാർട്ടിയുമായി വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. ആർക്കും രാഷ്ട്രീയത്തിൽ വരാം. വിജയ്ക്ക് നന്നായി ജനങ്ങളെ സേവിക്കാൻ കഴിയട്ടേ. ആശംസകൾ എന്നാണ് ഉദയനിധി പറഞ്ഞത്. കരാറായ ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ സിനിമ ഉപേക്ഷിച്ച് പൂർണ സമയം രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് വിജയ്‍യുടെ പ്രഖ്യാപനം.

തന്റെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപിച്ച് കൊണ്ട് കൃത്യമായ അടിത്തറ ഒരുക്കി തന്നെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടാനും സാധിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടതോടെ വലിയ ആത്മവിശ്വാസത്തിലാണ് താരവും ആരാധകരും. മഴയിലും പ്രളയത്തിലുമെല്ലാം വലഞ്ഞ തമിഴ് ജനതക്കിടയിലേക്ക് വിജയ് ആരാധകർ സഹായവുമായി ഇറങ്ങിയിരുന്നു. വിജയ് നേരിട്ട് എത്തിയാണ് സഹായ വിതരണം അടക്കം നടത്തിയത്.

വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും നടപടികൾ തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പല്ല, വരുന്ന നിയമസഭ മുന്നിൽ കണ്ടാണ് വിജയ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്. സംഘപരിവാർ വിരുദ്ധ ചേരിയിൽ വിജയ് കാണുമെന്നാണ് അദ്ദേഹത്തിന്റെ പല നിലപാടുകളിൽ നിന്നും വ്യക്തമാകുന്നത്.