ദിലീപ് നായകൻ ആയെത്തിയ ബാന്ദ്ര തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബാന്ദ്രയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും ട്രോളുകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന തിരക്കഥാകൃത്താണ് ഉയദകൃഷ്ണ. ബാന്ദ്ര സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലയെന്നും വളരെ ദുർബലമായ തിരക്കഥയായിരുന്നു എന്നതാണ് സിനിമ ആസ്വദിക്കാൻ പറ്റാതെ പോയതിന് പിന്നിലെ കാരണമായി ബാന്ദ്ര കണ്ട പ്രേക്ഷകർ പറഞ്ഞത്. ബാന്ദ്ര സിനിമയും ഉദയകൃഷ്ണയുമാണ് ഏറ്റവും കൂടുതൽ കഴിഞ്ഞ ദിവസങ്ങളിലായി വിമർശിക്കപ്പെടുന്നത് എന്നതാണ് സോഷ്യൽ മീഡിയയിലടക്കം കാണുന്നത്. 1997 മുതൽ മലയാള സിനിമയ്ക്ക് ഒട്ടേറെ തിരക്കഥകൾ സമ്മാനിച്ചിട്ടുള്ളവരിൽ ഒരാളാണ് ഉദയകൃഷ്ണ. പക്ഷെ പുലിമുരുകന് ശേഷം അത്രത്തോളം ഗംഭീര പ്രകടനമുള്ള ഒരു സ്ക്രിപ്റ്റ് ഉദയകൃഷ്ണയിലൂടെ പിറവി കൊണ്ടിട്ടില്ല. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ആറാട്ട്, മോൺസ്റ്റർ എന്നിവയെല്ലാം വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്യാം പുഷ്കരനുള്ളതുപോലുള്ള ബ്രില്ല്യൻസ് തന്നെയാണ് ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റ് റൈറ്റിങിലുമുള്ളതെന്നാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുമിച്ച ആറാട്ടിൽ നായകൻ മോഹൻലാലായിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് തിരക്കഥയെഴുതിയും ഉദയകൃഷ്ണയായിരുന്നു.