നടി സെലീന ജെയ്റ്റ്‌ലി ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്; ജീവനാംശമായി 50 കോടി രൂപ ആവശ്യപ്പെട്ടു.

മുൻ ബോളിവുഡ് താരവും 2001-ലെ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്‌ലി, ഭർത്താവായ ഓസ്ട്രിയൻ വ്യവസായി പീറ്റർ ഹാഗുമായി വേർപിരിഞ്ഞതായി അറിയിച്ചു. പീറ്ററിനെതിരെ ഗാർഹിക പീഡനത്തിന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ സെലീന പരാതി നൽകിയിട്ടുണ്ട്.

ശാരീരികമായും മാനസികമായും പീഡനം ഏൽക്കേണ്ടി വന്നതായും, വിവാഹശേഷം ജോലിക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ലെന്നും സെലീന ആരോപിച്ചു. കൂടാതെ, പീറ്റർ മദ്യപാനിയും ദേഷ്യക്കാരനും ‘നാർസിസ്റ്റ്’ സ്വഭാവമുള്ളയാളാണെന്നും പരാതിയിൽ പറയുന്നു. പീഡനം സഹിക്കാനാവാതെയാണ് താൻ ഇന്ത്യയിലേക്ക് മടങ്ങിയതെന്നും താരം വെളിപ്പെടുത്തി.

പീറ്റർ ഹാഗിൽ നിന്നും മൂന്ന് മക്കളുടെ സംരക്ഷണം തനിക്ക് വിട്ടു നൽകണമെന്നും, ജീവനാംശമായി 50 കോടി രൂപയും പ്രതിമാസം 10 ലക്ഷം രൂപയും നൽകണമെന്നും സെലീന കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെലീനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി പീറ്റർക്ക് നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം പരിഗണിക്കും.

ഓസ്ട്രിയയിലെ ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് പീറ്റർ ഹാഗ്. ഇരുവരും 2010-ൽ വിവാഹിതരായ ശേഷം ഓസ്ട്രിയയിൽ താമസിച്ചുവരികയായിരുന്നു. എന്നാൽ ഈ വർഷം ഓഗസ്റ്റിൽ പീറ്റർ ഓസ്ട്രിയൻ കോടതിയിൽ വിവാഹബന്ധം വേർപെടുത്താൻ ഹർജി നൽകിയിരുന്നു. ‘നോ എൻട്രി’, ‘ഗോൽമാൽ റിട്ടേൺസ്’ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സെലീന ജെയ്റ്റ്‌ലി അഭിനയിച്ചിട്ടുണ്ട്.