നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരിക്കൊമ്പന്റെ കഥയും കാടിനോട് ചേർന്നുനിന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മനുഷ്യരുടെ അതിജീവന പോരാട്ടവും ഇനി വെള്ളിത്തിരയിലേക്ക്. മിഥുൻ മഹേശ്വരൻ നായകനായും സംവിധായകനായും എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരിക്കൊമ്പന്റെ’ ടീസർ പുറത്തിറങ്ങി. പുറത്തുവന്നതിന് പിന്നാലെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയ ചിത്രമായ ‘ട്രാഫിക്കിന്റെ’ തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മിഥുൻ മഹേശ്വരൻ. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘കോക്ടെയിൽ’, ‘എങ്ക കാട്ടുല മഴൈ’, ‘ചിക്കികു ചിക്കികിച്ചു’, ‘യുദ്ധസത്തം’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘അരിക്കൊമ്പനി’ലൂടെ സംവിധായകന്റെ വേഷവും മിഥുൻ ഏറ്റെടുക്കുന്നു.
‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഈ സിനിമയിലൂടെ ദേവിക തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘ട്രാഫിക്’ ഹിന്ദി പതിപ്പ്, ‘മിലി’, ‘വേട്ട’, ‘ജംനാപ്യാരി’, ‘അംഅ:’ തുടങ്ങിയ ചിത്രങ്ങൾക്ക് ദൃശ്യഭംഗിയൊരുക്കിയ ഛായാഗ്രാഹകൻ അനീഷ്ലാൽ ആർ.എസ്. ആദ്യമായി ക്യാമറ കൈകാര്യം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.
തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹരമായ മലയോര മേഖലകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കാട്ടാനയുടെ സാന്നിധ്യം മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കാടിനെയും നാടിനെയും ആശ്രയിച്ച് ജീവിക്കുന്നവരുടെ അതിജീവനവും പ്രമേയമാക്കുന്ന ചിത്രം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങളിലേക്കും വെളിച്ചം വീശുന്നു. ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരികമായ മുഹൂർത്തങ്ങൾക്കും സിനിമ പ്രാധാന്യം നൽകുന്നുണ്ട്. ‘അരിക്കൊമ്പൻ’ ഡിസംബർ 11ന് കേരളത്തിലെയും തമിഴ്നാട്ടിലെയും തിയേറ്ററുകൾ ഉൾപ്പെടെ ലോകമെമ്പാടും റിലീസ് ചെയ്യും.
