‘ഇന്റർവെല്ലിന് ശേഷം ഉണ്ടായ പ്രശ്നം, എന്നാൽ ആ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിച്ചില്ല’; റിവ്യൂ കിറുകൃത്യമെന്ന് പ്രതികരണങ്ങൾ

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ ലിയോയ്ക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചിട്ടുള്ളത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വിജയ് എന്ന് താരത്തിന്റെ പ്രകടനത്തെ പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനിൽ റെക്കോർഡ് ഇടാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ആദ്യദിന ആഗോള ബോക്സ് ഓഫീസ് സംബന്ധിച്ചുള്ള ആദ്യ കണക്കുകൾ എത്തുമ്പോൾ കോളിവുഡിൽ നിന്നുള്ള ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ് ചിത്രമെന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ ​ഗ്രൂപ്പുകളിലും ചർച്ചകൾ ലിയോയെ ചുറ്റിപ്പറ്റിയാണ്. എണ്ണാൻ പോലും സാധിക്കാത്ത അത്രയും റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉണ്ണികൃഷ്ണൻ എന്നയാളുടെ പോസ്റ്റ് ഇത്തരത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. റിവ്യൂ കിറുകൃത്യമെന്ന് പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ഒരു മാസ് സിനിമയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ കൃത്യമായി സിനിമയിൽ വന്നിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ വിലയിരുത്തുന്നു. എന്നാൽ ഇന്റർവെല്ലിന് ശേഷം പടത്തിന്റെ ഗ്രാഫ് വല്ലാതെ ഫ്ലാറ്റ് ആയതു പോലെ തോന്നി. പിടിച്ചിരുത്താൻ പോന്ന സംഭവ വികാസങ്ങളോ ഒന്നും തന്നെ ഇല്ലാതായി. എങ്കിലും ‘ലിയോ മാസ്റ്ററിലും താഴെ നിൽക്കുന്ന ഒന്നാവരുതെ’ എന്നത് മാത്രമായിരുന്നു പ്രതീക്ഷ. അതിന് മങ്ങൽ ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്റർവെൽ വരെയുള്ള ഭാഗം വളരെ എൻഗേജിങ് ആയാണ് ലിയോ അനുഭവപ്പെട്ടത്. ലോകേഷ് പറഞ്ഞത് പോലെ തന്നെ സാധാരണ വിജയ് പടങ്ങളിൽ കാണുന്ന ബോറടിപ്പിക്കുന്ന മാനറിസംസ് ഒട്ടും തന്നെ ഇല്ല എന്നത് തന്നെ ഒരു പോസിറ്റീവ് ആയി ഫീൽ ചെയ്തു. എന്നാൽ ഒരു മാസ്സ് സിനിമക്ക് വേണ്ട മാസ്സ് elements ഒക്കെ കൃത്യമായി പ്ളേസ് ചെയ്തിട്ടുണ്ട് താനും. പ്രത്യേകിച്ചും ആക്ഷൻ സീനുകളിൽ ഒക്കെ👌.
എന്നാൽ ഇന്റർവലിന് ശേഷം പടത്തിന്റെ ഗ്രാഫ് വല്ലാതെ ഫ്ലാറ്റ് ആയതു പോലെ തോന്നി. സ്‌ട്രോങ് ആയൊരു വില്ലനോ, അല്ലെങ്കിൽ പിടിച്ചിരുത്താൻ പോന്ന സംഭവ വികാസങ്ങളോ ഒന്നും തന്നെ ഇല്ലാത്തതു തന്നെയാണ് ഇന്റർവല്ലിന് ശേഷമുണ്ടായ പ്രധാന നെഗറ്റീവ്. അപ്പോളും അനിയുടെ ബിജിഎം പടത്തിന് ഒരു താങ്ങും തണലും ആകുന്നുണ്ട്. നല്ല ഒരു ആമ്പിയൻസിൽ കണ്ടാൽ അത്യാവശ്യം കൊള്ളാവുന്നൊരു തീയറ്റർ അനുഭവമാണ് ലിയോ.
എൻ ബി: മാസ്റ്റർ എനിക്കിഷ്ടപ്പെട്ട പടമാണ്. അതുകൊണ്ടു തന്നെ, ആകെപ്പാടെ ഉണ്ടായിരുന്ന ഒരേയൊരു expectation ‘ലിയോ മാസ്റ്ററിലും താഴെ നിൽക്കുന്ന ഒന്നാവരുതെ’ എന്നത് മാത്രമായിരുന്നു. ആ പ്രതീക്ഷക്ക് മങ്ങൽ ഏല്പിച്ചിട്ടില്ല