Film News

ഓടാന്‍ പറ്റില്ലെങ്കില്‍ നടക്കണം… നിര്‍ത്തരുത്!!! പ്ലാസ്റ്ററിട്ട കൈയ്യുമായി വര്‍ക്കൗട്ട് ചെയ്ത് വിക്കി കൗശല്‍

ബോളിവുഡിലെ ആരാധകരുള്ള താരമാണ് നടന്‍ വിക്കി കൗശല്‍. അടുത്തിടെ താരത്തിന് ഷൂട്ടിംഗിനിടെ പരിക്കേറ്റിരുന്നു. ‘ഛാവ’ എന്ന സിനിമയുടെ ആക്ഷന്‍ രംഗത്തിനടെയാണ് താരത്തിന് പരിക്കേറ്റത്. വീഴ്ച്ചയില്‍ താരത്തിന്റെ ഇടതുകൈയ്ക്ക് ഒടിവ് സംഭവിച്ചിരുന്നു. കൈയ്ക്ക് പ്ലാസ്റ്ററിട്ട വിശ്രമത്തിലായിരുന്നു താരം. ഛാവയില്‍ സംഭാജി മഹാരാജായാണ് വിക്കി കൗശല്‍ എത്തുന്നത്.

അതേസമയം, വിശ്രമത്തിലാണെങ്കിലും ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. പരിക്കേറ്റ കൈയ്യുമായി വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. പ്ലാസ്റ്ററിട്ട കൈയ്യുമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിക്കി കൗശലാണ് വിഡിയോയിലുള്ളത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം തന്നെയാണ് വീഡിയോ പങ്കുവച്ചത്. ഓടാന്‍ പറ്റില്ലെങ്കില്‍ നടക്കണം. നിര്‍ത്തരുത് എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ.

ഛാവയില്‍ രശ്മിക മന്ദാനയാണ് വിക്കി കൗശലിന്റെ നായികയാകുന്നത്. ചിത്രത്തില്‍ രശ്മികയുടെ ഭാഗം ഷൂട്ടിംഗ് പൂര്‍ത്തിയായെല്ലാം താരം പങ്കുവച്ചിരുന്നു. ഒപ്പം വിക്കിയ്‌ക്കൊപ്പമുണ്ടായിരുന്ന അനുഭവങ്ങളെ കുറിച്ചും നടി എഴുതി. ലക്ഷ്മണ്‍ ഉതേകറിന്റെ ആക്ഷന്‍ പീരീഡ് ചിത്രമാണ് ഛാവ. ഛത്രപതി ശിവാജി മഹാരാജിന്റെ മകന്‍ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Anu B