ഉളുപ്പുണ്ടോ സാര്‍..? നടിയെ ആക്രമിച്ച കേസിലെ ചര്‍ച്ച! നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ വിധു വിന്‍സെന്റ്

നടിയെ ആക്രമിച്ച കേസ് ചാനല്‍ ചര്‍ച്ചയ്ക്ക് വച്ചതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയും നികേഷ് കുമാറിന് എതിരെയും കേരള പോലീസ് കേസെടുത്ത സംഭവം വന്‍ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സന്റ്. കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെന്ന തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കു എന്നാണ് കേരള പോലീസിനോട് വിധു വിന്‍സന്റിന് പറയാനുള്ളത്.

സംവിധായികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ഉളുപ്പുണ്ടോ സാര്‍ ലേശം ഉളുപ്പ് ?നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു. ഇപ്പുറത്ത് ആ ആരോപണത്തിന്റെ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് തകൃതിയായി അന്വേഷണം നടത്തുന്നു.

ഇതെന്താ പോലീസെ, ഈ തമാശക്കളി നടത്താന്‍ ഇത് ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലല്ലോ കേരളമല്ലേ. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കുക. അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കയാണ്. എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്?

 

Aswathy