ആശുപത്രിയിൽ തന്നെയോ? വിജയകാന്തിന്റെ ആരോഗ്യസ്ഥിതി എങ്ങനെ ?

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. അദ്ദേഹം പൂര്‍‌ണ്ണ  ആരോഗ്യവാനാണ് എന്നാമ് ഡിഎംഡികെ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു എന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ പറയുന്നത്. അതേസമയം വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലതയും രംഗത്തെത്തിയിരുന്നു . നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും പ്രേമലത പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ത്ഥിച്ചു.  വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി നടന്‍ നാസറും രംഗത്തെത്തി. വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് നാസര്‍ വ്യക്തമാക്കി.തമിഴ് സിനിമ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പമാണ് നാസര്‍ ആശുപത്രിയില്‍ എത്തിയത്. നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വൈകാതെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിരുന്നതാണ്.  തമിഴകത്തിലെ മുൻ സൂപ്പർ താരവും ഡിഎംഡികെ സ്ഥാപകനുമാണ് വിജയരാജ് അഴകർ സാമി എന്ന വിജയകാന്ത്.

1990 കാലഘട്ടങ്ങളിൽ രജനികാന്ത്, കമൽഹാസൻ എന്നിവരോടൊപ്പം ഒരേ താരപദവി അലങ്കരിച്ചിരുന്ന സൂപ്പർ താരവുമായിരുന്നു വിജയകാന്ത്. ഒരു സൂപ്പര്‍താരത്തിലുപരി സാമൂഹിക പ്രതിബദ്ധത കൈമുതലായി കൊണ്ടുനടന്നിരുന്ന ഒരു നടൻ കൂടിയായിരുന്നു വിജയകാന്ത്. സിനിമയ്ക്ക് അപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും തമിഴ്നാട്ടിൽ പ്രശസ്‌തമാണ്. 1952 ആഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരയിലാണ് ജനിച്ചത്. തന്റെ സമകാലികരായ ഇതര നായകൻമാരെ അപേക്ഷിച്ച് തമിഴ് സിനിമയിലല്ലാതെ മറ്റൊരു ഭാഷകളിലും വിജയകാന്ത് അഭിനയിച്ചിട്ടില്ല. എങ്കിലും മൊഴിമാറ്റത്തിലൂടെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ റിലീസാവുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.150ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം സിനിമയിൽ സജീവമല്ലെങ്കിൽ കൂടിയും വിജയകാന്തിനെ ഇപ്പോഴും സൂപ്പർസ്റ്റാറായി മനസിൽ കൊണ്ടുനടക്കുന്ന നിരവധി ആരാധകർ തെന്നിന്ത്യയിലുണ്ട്.  ഇനിക്കും ഇളമൈ  എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നടനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തിരുന്നു.  സ്വന്തമായി പാർട്ടി തുടങ്ങാൻ പണമില്ലാത്തതിനാൽ സ്വത്തുക്കൾ വിറ്റ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകി. സഹായം ചോദിച്ച് വരുന്നവരെ അദ്ദേഹം നിരാശപ്പെടുത്തി അയക്കാറില്ല. വിജയകാന്തിന്റെ ജനപിന്തുണ രാഷ്ട്രീയത്തിലും അ​ദ്ദേഹത്തിന് വലിയ വിജയങ്ങൾ നേടികൊടുത്തു.