Categories: Film News

നടി വിജയശാന്തി ബിജെപി വിട്ടു; താരത്തിന്റെ നീക്കങ്ങൾ ഇങ്ങനെ

നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു. വീണ്ടും കോൺഗ്രസിൽ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി  രാജിക്കത്ത് സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് നടി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷത്തെ തുടർന്നാണ് വിജയശാന്തി ബിജെപിയിൽ നിന്ന് രാജിവച്ചത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ആക്ഷൻ ക്വീൻ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ  വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയായിരുന്നു വിജയശാന്തി. ആക്ഷന്‍ ചിത്രങ്ങളിലൂടെ തീയേറ്ററുകള്‍ ഇളക്കി മറിച്ച താരമായിരുന്നു വിജയശാന്തി. തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന വിജയശാന്തിയ്ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്. പോലീസ് വേഷത്തില്‍ വിജയശാന്തിയോളം കയ്യടി നേടിയ മറ്റൊരു നായികയുണ്ടാകില്ല.

ശാന്തി എന്നായിരുന്നു യഥാർത്ഥപേര് . പിന്നീട് സിനിമയിലെത്തിയപ്പോൾ  വിജയ ശാന്തിയായി   എഴുപതുകളിൽ ലേഡി ജെയിംസ് ബോണ്ട് എന്നറിയപ്പെട്ടിരുന്ന വിജയ ലളിതയുടെ സഹോദരീ പുത്രിയായ ‘ശാന്തി’ 1980-ൽ ‘കില്ലാഡി കൃഷ്ണുഡു’ എന്ന തെലുഗു ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയപ്പോൾ ആണ് ‘വിജയ’ശാന്തിയായി മാറിയത്. തുടക്കത്തിൽ കിട്ടിയതൊക്കെയും നെഗറ്റീവ് അല്ലെങ്കിൽ ഗ്ലാമർ റോളുകൾ മാത്രമായിരുന്നു. 1990 -ൽ പുറത്തിറങ്ങിയ വൈജയന്തി ഐപിഎസ് എന്ന ചിത്രത്തിലെ പോലീസ് വേഷം ഹിറ്റായതോടെ വിജയശാന്തി സൂപ്പർ താരമായി. ഗ്ലാമർ വേഷങ്ങളിൽ നിന്നും ആക്ഷൻ നായികയിലേക്കുള്ള മാറ്റം ഒരു ലേഡി സൂപ്പർ സ്റ്റാറിന്‍റെ ഉദയം കൂടിയായിരുന്നു.  ഒരു കാലത്ത് തെന്നിന്ത്യൻ ചിത്രങ്ങളിലെ ലേഡി സൂപ്പർ സ്റ്റാർ പരിവേഷമുണ്ടായിരുന്ന അഭിനേത്രിയായിരുന്നു വിജയശാന്തി.  ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടിയായി വിജയശാന്തി മാറി. അവിടന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കെയാണ് വിജയശാന്തിയുടെ രാഷ്ട്രീയ പ്രവേശനം. . 2006 ല്‍ പുറത്തിറങ്ങിയ നായുദമ്മയ്ക്ക് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വിജയശാന്തി. പിന്നീട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ല്‍ പുറത്തിറങ്ങഇയ സരിലേരു നീകേവ്വരു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു.

രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചത് 1998 -ൽ ബിജെപിയിലൂടെയാണ്. ആന്ധ്ര പ്രദേശ് മഹിളാ മോർച്ചാ അദ്ധ്യക്ഷയായിയിരുന്നു തുടക്കം. തെലങ്കാന പ്രക്ഷോഭത്തിന്റെ പരകോടിയിൽ നിൽക്കെ വിജയശാന്തി  2009 -ൽ ടളളി തെലങ്കാന എന്ന സ്വന്തം പാർട്ടി ഉണ്ടാക്കി. അത് പിന്നീട് ബിആർഎസിൽ ലയിക്കുന്നു. 2009 -ൽ ബിആർഎസ് ടിക്കറ്റിൽ മേഡക്കിൽ നിന്ന് ലോക്സഭയിലേക്കെത്തി. 2011 -ൽ തെലങ്കാന പ്രക്ഷോഭത്തോട ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എംപി സ്ഥാനം രാജിവെച്ച് കെസിആറിനൊപ്പം കൂടി വിജയശാന്തി. 2014 -ൽ കെസിആറുമായി തെറ്റുന്ന വിജയശാന്തി കോൺഗ്രസിൽ ചേരുന്നു. അക്കൊല്ലം തന്നെ കോൺഗ്രസ് ടിക്കറ്റിൽ മേദക് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. 2018 -ലെ രാഹുൽ ഗാന്ധി സ്റ്റാർ കാംപെയ്‌നർ ആയി നിയോഗിച്ചതോടെ വീണ്ടും ലൈം ലൈറ്റിലെത്തുന്നു. 2019 -ൽ നരേന്ദ്ര മോദിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച് പൊല്ലാപ്പ് പിടിച്ച വിജയ ശാന്തിക്ക് പക്ഷെ ഒരു കൊല്ലത്തിനുള്ളിൽ ബിജെപിയിൽ ചേരാനും ഒട്ടും മടിയുണ്ടായില്ല. കഴിഞ്ഞ കുറച്ചു കാലമായി ബിജെപി നേതൃത്വവുമായി അസ്വാരസ്യത്തിൽ ആയിരുന്ന വിജയശാന്തി, സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ, മൂന്നു വർഷത്തോളം ബിജെപി പാളയത്തിൽ ചിലവിട്ട ശേഷം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വീണ്ടും കോൺഗ്രസിൽ എത്തിയിരിക്കുന്നതും ലോക്സഭാ സീറ്റ് പ്രതീക്ഷിച്ചു തന്നെയാണ്.

Sreekumar R