റെക്കോര്‍ഡ് വിദേശ ഡീലുമായി ലിയോ; ആവേശ കൊടുമുടിയില്‍ വിജയ് ആരാധകര്‍

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ റിലീസിനു മുന്നേ തന്നെ വന്‍ ഹൈപ്പ് നേടിയിരിക്കുകയാണ്. റെക്കോഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിവിധ മേഖലകളിലെ വിതരണ അവകാശങ്ങള്‍ വിറ്റുപോകുന്നത്. തമിഴ്നാട്, കേരള വിതരണ അവകാശങ്ങള്‍ക്കായി റെക്കോര്‍ഡ് ഡീലുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം മറ്റൊരു റെക്കോര്‍ഡ് ഡീല്‍ കൂടി നടന്നിരിക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ലിയോയുടെ ഓവര്‍സീസ് അവകാശം 60 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. പ്രമുഖ വിദേശ വിതരണ സ്ഥാപനമായ ഫാര്‍സ് ഫിലിം ഈ ഭീമമായ തുക നല്‍കി ലിയോയുടെ വിദേശ വിതരണ അവകാശം സ്വന്തമാക്കി. ഏതൊരു തമിഴ് ചിത്രത്തിനും ഇത് എക്കാലത്തെയും ഉയര്‍ന്ന വിദേശ ഡീല്‍ ആണ് ഇത്.

ചിത്രം വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കിയത് ഫാര്‍സ് ഫിലിംസ് ആണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍സ് ഫിലിം ഒട്ടേറെ മികച്ച സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്.

ലിയോയുടെ കേരളത്തിലെ വിതരണാവകാശത്തിന് തുടക്കം മുതല്‍തന്നെ വന്‍ മത്സരമുണ്ടായിരുന്നു. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി രംഗത്തുണ്ടായിരുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാറാണ് ‘ലിയോ’ നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.