‘അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്’ – തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹൃദയം പ്രേക്ഷകര്‍ നെഞ്ചേറ്റിയതിന്റെ സന്തോഷത്തിലാണ് വിനീതും. ഇതിനിടെ സംവിധാനം ചെയ്യുന്ന സിനിമയില്‍ താനിനി അഭിനയിക്കില്ലെന്ന് പറഞ്ഞ് താരം. മാതൃഭൂമിക്ക്…

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹൃദയം പ്രേക്ഷകര്‍ നെഞ്ചേറ്റിയതിന്റെ സന്തോഷത്തിലാണ് വിനീതും. ഇതിനിടെ സംവിധാനം ചെയ്യുന്ന സിനിമയില്‍ താനിനി അഭിനയിക്കില്ലെന്ന് പറഞ്ഞ് താരം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.

‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്. കാരണം ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്.’- വിനീത് പറഞ്ഞു.

അതേസമയം പുതിയ സിനിമകള്‍ ചെയ്യുന്നതിലെ വലിയ ഇടവേളകളെ കുറിച്ചും വിനീത് പറഞ്ഞു. ‘ഒരുസിനിമ സംവിധാനം ചെയ്ത് കഴിയുമ്പോള്‍ അഭിനയിക്കേണ്ട കുറെ സിനിമകള്‍ വരും. അപ്പോള്‍ അതുചെയ്യും. പിന്നെ ഭാര്യയും കുട്ടികളുമൊക്കെയായി യാത്രകള്‍ പോവാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

അവരുടെ കൂടെ സമയം ചെലവിടാനും മാറ്റിവെക്കാറുണ്ട്. പിന്നെ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ ഒരുസിനിമ സംവിധാനം ചെയ്യുക എന്നതാണ് എന്റെ പോളിസി. 12 വര്‍ഷം കൊണ്ട് സംവിധാനം ചെയ്തത് അഞ്ച് സിനിമകളാണ്. അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമില്ല. ഇനി കൂടിപ്പോയാല്‍ പത്ത് സിനിമ കൂടിയെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.