സ്ത്രീധനം സീരിയലിലെ മത്തി സുകുവിന്റെ ഭാര്യ തട്ടുകടയില്‍ ദോശചുടുന്നു; ജീവിതം വഴിമുട്ടിയപ്പോള്‍ തുടങ്ങിയതാണെന്ന് നടി; വീഡിയോ വൈറല്‍.
റോഡരികിലെ തട്ടുകടയില്‍ തകൃതിയായി ദോശ ചുട്ടകൊണ്ടിരിക്കുന്ന ആളെ പലരും തിരിച്ചറിയുന്നില്ല. തട്ടുകടയിലെ സ്റ്റൗവിന്റെ ഇത്തിരിവെട്ടത്തില്‍ തിരിച്ചറിഞ്ഞവര്‍ ചോദിക്കുന്നു. ഇത് സ്ത്രീധനം സീരിയിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയല്ലെ. പക്ഷേ, കവിതലക്ഷ്മി ഇതൊന്നും ശ്രദ്ധിക്കാതെ ദോശ ചുട്ടുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവരെ ഊട്ടിക്കൊണ്ടിരുന്നു. ചുടുന്ന ഓരോ ദോശയിലും പണപ്പെട്ടിയില്‍ വന്നുവീഴുന്ന ഓരോ നോട്ടിലും അവര്‍ മകനെ മാത്രമാണ് കണ്ടത്. അവന്റെ പഠിപ്പും ഭാവിയും മാത്രമാണ് കണ്ടത്. ഈ ദോശ ചുട്ടുകിട്ടുന്ന പണം കൊണ്ട് വേണം അവന്റെ പഠിപ്പ് പൂര്‍ത്തിയാക്കാന്‍. ചെന്നുപെട്ട വിദേശത്തെ കെണിയില്‍ നിന്ന് കരകയറാന്‍.
കുറച്ച് ദിവസങ്ങളേ ആയുള്ളു സീരിയില്‍ നടിയായ കവിത ലക്ഷമി ഈ തട്ടുകട തുടങ്ങിയിട്ട്. വിദേശത്ത് പഠിക്കുന്ന മകന് ഫീസ് കണ്ടെത്താന്‍ കഴിയാതായതോടെയാണ് അവര്‍ അഭിനയത്തിന്റെ ഗ്ലാമര്‍ ലോകത്തിന് തത്കാലം കട്ട് പറഞ്ഞ് ഈ പുതിയ വേഷമണിഞ്ഞത്. ഒരു ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്ക് വിശ്വസിച്ചാണ് കൈയിലെ കാശ് മുഴുവനെടുത്ത് മകനെ വിദേശത്ത് പഠിപ്പിക്കാന്‍ വിട്ടത്. ഇപ്പോള്‍ അവിടെ അവന് ഫീസ് കണ്ടെത്താന്‍ കഴിയാതെ കുടങ്ങുകയാണ്. പറ്റിയ ചതിയില്‍ നിന്ന് കരകയറാന്‍ ഇപ്പോള്‍ പഠനത്തിനുള്ള പണം സമ്പാദിച്ചേ പറ്റൂ. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയുടേതടക്കം പല വാതിലുകളിലും മുട്ടി. എവിടെ നിന്നും കാര്യമായ സഹായം കിട്ടാതായതോടെയാണ് തട്ടുകടയുമായി ഇറങ്ങിയത്.
കടയിലെത്തിയ രാജ് കിരണ്‍ എന്നയാള്‍ സീരിയല്‍ താരം വഴിയിരികില്‍ ദോശ ചുടുന്നതിന്റെ ദൃശ്യം പകര്‍ത്തി യൂട്യൂബിലിട്ടതോടെയാണ് കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഈ വീഡിയോ വന്‍ വൈറലാണിപ്പോള്‍. ഇതില്‍ തന്റെ ദുരവസ്ഥ വിവരിക്കുന്നുമുണ്ട് കവിത.
തന്നെ ബാങ്ക് ചതിച്ചെന്നാണ് കവിത പറയുന്നത്. എല്ലാ ബാങ്കുകളിലും പോയെങ്കിലും സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ ആരും ലോണ്‍ തന്നില്ലെന്നും കവിത പറയുന്നു.കെ.കെ രാജീവിന്റെ അയലത്തെ സുന്ദരി എന്ന സീരിയലിന്റെ ചിത്രീകരണത്തിടയിലുള്ള സമയമാണ് കവിത തട്ടുകടയിലെ ജോലികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.