അറിയുമോ, ആര്‍ത്തവത്തുണി ഇല്ലാത്തതിനാല്‍ മണ്ണുപയോഗിക്കുന്ന സ്ത്രീകളെ!

പത്തോ പന്ത്രണ്ടോ വയസില്‍ വിവാഹിതയാവുക, ഇരുപത് വയസില്‍ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയാവുക, മുപ്പത് വയസില്‍ അമ്മൂമ്മയാവുക . വര്‍ത്തമാനകാലത്തെ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല ഇത്. പക്ഷെ ഭൂരിഭാഗം ഇന്ത്യന്‍ ഗ്രാമങ്ങളിലേയും അവസ്ഥ…

പത്തോ പന്ത്രണ്ടോ വയസില്‍ വിവാഹിതയാവുക, ഇരുപത് വയസില്‍ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയാവുക, മുപ്പത് വയസില്‍ അമ്മൂമ്മയാവുക . വര്‍ത്തമാനകാലത്തെ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല ഇത്. പക്ഷെ ഭൂരിഭാഗം ഇന്ത്യന്‍ ഗ്രാമങ്ങളിലേയും അവസ്ഥ ഇതാണ്. ഗ്രാമീണ മേഖലയിലെ സ്തീകള്‍ക്കും കൂട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സീറോ ഫൗണ്ടേഷന്റെ സ്ഥാപകനും മുഴുവന്‍ സമയ പ്രവര്‍ത്തകനുമായ നാസര്‍ ഗ്രാമീണ പെണ്‍ജീവിതങ്ങളെ പറ്റി എഴുതുന്നു. ഇപ്പോള്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാനസ് ജില്ലയിലെ ചക്ല എന്ന ഗ്രാമത്തിലാണ് നാസര്‍. ഈ ഗ്രാമത്തില്‍നിന്ന് നാസര്‍ അനുഭവിച്ചറിഞ്ഞ ജീവിതങ്ങളെ കുറിയ്ക്കുകയാണ് ഇവിടെ…

ഓരോ മഞ്ഞുകാലവും പലതരം അനുഭവങ്ങള്‍ സമ്മാനിച്ചാണ് കടന്നു പോവുക. പൂത്തുനില്‍ക്കുന്ന കടുകുപാടങ്ങള്‍ , മണ്‍പാതകള്‍, മാവിന്‍ തോപ്പുകള്‍ അങ്ങനെ ഭംഗിയുള്ള കാഴ്ചകളേറെയുണ്ട്. പ്രഭാത കാഴ്ചകള്‍ അതി ഗംഭീരമാണ്. പൂര്‍ണ നിലാവില്‍ കടുകുപാടങ്ങള്‍ക്ക് നടുവിലൂടെ സൈക്ലിംഗ്
ചെയ്യുന്നത് ഞാന്‍ ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ്.

നിലാവില്‍ നിശബ്ദമായി സൈക്കിളില്‍ പോകുമ്ബോള്‍, ചുറ്റിലുമുള്ള കടുകുപാടങ്ങളുടെ നേരെ നോക്കി നില്‍ക്കുമ്ബോള്‍ എനിക്ക് തോന്നാറുണ്ട്, ഞാനൊരു മനുഷ്യനാണോ അതോ ഏതോ നാടോടി കഥയിലെ കഥാപാത്രമാണോ എന്ന്. ഈ ജീവിതത്തിന്നിടയിലും എന്റെ ചുറ്റുമുള്ള മനുഷ്യരുടെ ദയനീയ ജിവിതങ്ങളെ തണുപ്പുകാലം എങ്ങനെയാണ് കഷ്ടപ്പെടുത്തുന്നത് എന്നതും എന്നെ സങ്കടപ്പെടുത്താറുണ്ട്.

ഇവിടെ വന്ന കാലം മുതല്‍ മഞ്ഞുകാലത്ത് ഞങ്ങള്‍ ധാരാളം വസ്ത്രങ്ങള്‍ വിതരണം ചെയ്യാറുണ്ട്. ധാരാളം സുഹൃത്തുക്കള്‍ അതിന്റെ ഭാഗമായി ഉപയോഗിക്കാന്‍ കഴിയുന്ന പഴയ വസ്ത്രങ്ങള്‍ അയച്ചുതരികയോ പുതിയവ വാങ്ങി നല്‍കാനുള്ള പണം തരികയോ ചെയ്യാറുണ്ട്. ഇത്തവണയും ധാരാളം സുഹൃത്തുക്കള്‍ വസ്ത്രങ്ങളയച്ചു തന്നു. അതെല്ലാം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്ബോഴാണ് അതിവിചിത്രമായ അനുഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത്.

ഞാനൊരാണായതു കൊണ്ടും ഗ്രാമീണ സംസ്കാരത്തിന്റെ നിശബ്ദമായ കാര്യങ്ങളില്‍പ്പെട്ടതായതുകൊണ്ടും പെണ്‍കുട്ടികളുടെ ജീവിതം, പ്രത്യേകിച്ച്‌ അവരുടെ അടിവസ്ത്രം, ആര്‍ത്തവം എന്നിവയൊക്കെപറ്റി കാര്യമായി ചിന്തിക്കാറില്ലായിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകള്‍ തീണ്ടാരി തുണി ഇല്ലാത്തതു കൊണ്ട് മണ്ണ് ഉപയോഗിക്കുന്നു എന്നൊക്കെ ചിലപ്പോഴൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല.

ഇത്തവണ വന്ന വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിതിനിടയില്‍ പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ മാറ്റി വയ്ക്കുമ്ബോഴാണ് പെണ്‍കുട്ടികളുടെ ഇത്തരം ജീവിതത്തെ കുറിച്ച്‌ കാര്യമായി ആലോചിച്ചത്. ആണുങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാറില്ല, അറിയാറുമില്ല. കടകളില്‍ വില്‍ക്കുന്ന സാനിറ്ററി നാപ്കിനുകള്‍ വല്ലപോഴും വാങ്ങുന്നതൊഴിവാക്കിയാല്‍ ആണുങ്ങള്‍ ഇതിനെ പറ്റി ചിന്തിക്കാറേ ഇല്ല. ഇത്തരം കാര്യങ്ങള്‍ സ്വന്തം ഭാര്യമാര്‍ പോലും വളരെ കുറച്ചുമാത്രമാണ് ഭര്‍ത്താക്കന്‍മാരോട് പറയുക.

അത്യാവശ്യ കാര്യങ്ങള്‍ പോലും പങ്കുവയ്ക്കാത്ത പെണ്ണുങ്ങളാണ് അധികവും. ചെറിയ പ്രശ്നങ്ങള്‍ പോലും ഡോക്ടറോടുപോലും പറയാതെ അതിഭീകരമായ അവസ്ഥയിലെത്തുന്ന ധാരാളം കേസുകള്‍ ഈ ഉള്ളവന്‍ കണ്ടിട്ടുണ്ട്. ഗുഹ്യ രോമം വടിച്ചു കളയണം എന്ന് സ്വന്തം ഭര്‍ത്താവിനോട് പറയാന്‍ മടിച്ച്‌ വീട് വിട്ടു പോയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ പോയ ഭര്‍ത്താവിന്റെ കൂട്ടത്തില്‍ പോയ ഒരാളുടെ ഓര്‍മകളുണ്ട്.വളരെയേറെ നീണ്ട സംഭാഷണങ്ങള്‍ക്ക് ശേഷമാണ് ഭാര്യ വീട് വിടാനുണ്ടായ കാരണം മനസിലായത്. അവളെ തിരികെ കൊണ്ടുവരും നേരം പട്ടണത്തിലെ കടയില്‍ നിന്നും മുന്തിയ ഇനം ഡ്രിമ്മര്‍ ആണ് അയാള്‍ ആ ദമ്ബതികള്‍ക്ക് സമ്മാനിച്ചത്.

അയല്‍പക്കത്തെ യുവാവിന്റെ പഴയ ജീന്‍സ് കീറി ‘തീണ്ടാരി തുണിയാക്കി, ഒടുവില്‍ പ്രണയിച്ച്‌ അയാളെ തന്നെ വിവാഹം കഴിച്ച പെണ്‍കുട്ടി

അയല്‍പക്കത്തെ യുവാവിന്റെ പഴയ ജീന്‍സ് കീറി ‘തീണ്ടാരി തുണിയാക്കി, ഒടുവില്‍ പ്രണയിച്ച്‌ അയാളെ തന്നെ വിവാഹം കഴിച്ച പെണ്‍കുട്ടി

എങ്ങനെയാണ് ആര്‍ത്തവ ദിനങ്ങളില്‍ മണ്ണ് ഉപയോഗിക്കുന്നത്…
ആര്‍ത്തവ ദിനങ്ങളില്‍ ഉപയോഗിക്കാനുള്ള തുണി കുറവായിരിക്കും . കൂടുതല്‍ ബ്ലീഡിങ് ഉള്ള പെണ്ണുങ്ങള്‍ അപ്പൊ ഉള്ള തുണിയില്‍ ഇത്തിരി മണ്ണ് ചേര്‍ത്ത് മടക്കി എടുക്കും. മണ്ണ് രക്തം വലിച്ചെടുക്കുമല്ലോ. ശ്രദ്ധയോടെ ചെയ്യെണ്ടതാണ് അല്ലെങ്കില്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടും. പിന്നെ ആ തുണി കഴുകി വീണ്ടും ഉപയോഗിക്കും .

അത്യാവശ്യം പഠിപ്പും വാങ്ങാന്‍ പണവും ഉള്ളവര്‍ നല്ല അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും വാങ്ങും . അല്ലാത്തവര്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാറില്ല, ആര്‍ത്തവകാലത്താകട്ടെ വെറും തുണി ഉപയോഗിക്കും. സാനിറ്ററി നാപ്കിനുകള്‍ വാങ്ങുന്ന മരുമക്കളെ പരിഷ്കാരികളും ആഢംബര ഭ്രമം ഉള്ളവരുമായി കാണുന്ന അമ്മായിഅമ്മമാരെ ഗ്രാമീണ ജീവിതത്തിലെ ഉള്ളറകളില്‍ ധാരാളം കണ്ടെത്താന്‍ കഴിയും .എന്റെ മകന്റെ എത്ര പണമാണവള്‍ തീണ്ടാരി തുണി വാങ്ങി നഷ്ടപ്പെടുത്തുന്നത് എന്ന് പറഞ്ഞു ആ സ്ത്രീകള്‍ നിശബ്ദമായും ചിലപ്പോള്‍ ഉറക്കെയും ആവലാതിപ്പെടും. അതുപോലെ വീട്ടില്‍ കുളിമുറി വേണം, കക്കൂസ് വേണം എന്നുപറയുന്ന മരുമക്കളെ കുറിച്ചും അമ്മായിഅമ്മമാര്‍ ഇത് തന്നെയാണ് പറയുക.

താന്‍ ആദ്യമായി ഋതുമതി ആയപ്പോള്‍ വീട്ടില്‍ തുണി ഇല്ലാതെ വന്നതും അയല്‍പക്കത്തെ യുവാവിന്റെ പഴയ ജീന്‍സ് കീറി ‘തീണ്ടാരി തുണി ആക്കി അമ്മ നല്‍കിയതും ഒരു യുവതി നാണത്തോടെ വെളിപ്പെടുത്തി. ആ ജീന്‍സ് തീണ്ടാരി തുണി ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു . ആ യുവാവിനെയാണ്പിന്നീട് ആ പെണ്‍കുട്ടി വിവാഹം കഴിച്ചത് . അവരിപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു.

കല്യാണത്തിന് കടം വാങ്ങിയ ബ്രാ ഇട്ടു പോകുന്ന പെണ്‍കുട്ടിയെ , കീറിയ പാന്റീസ് വീണ്ടും വീണ്ടും തുന്നി ഉപയോഗിക്കുന്ന പെണ്‍കുട്ടിയെ കാണാം ഈ ഗ്രാമങ്ങളില്‍

കല്യാണത്തിന് കടം വാങ്ങിയ ബ്രാ ഇട്ടു പോകുന്ന പെണ്‍കുട്ടിയെ , കീറിയ പാന്റീസ് വീണ്ടും വീണ്ടും തുന്നി ഉപയോഗിക്കുന്ന പെണ്‍കുട്ടിയെ കാണാം ഈ ഗ്രാമങ്ങളില്‍

സാനിറ്ററി നാപ്കിനും മരുന്നിനുമായൊരു പ്രണയം
മാസാമാസം ഉണ്ടാകുന്ന കഷ്ടപ്പാടിന് , ആ വേദനക്ക് , ചോരയൊലിപ്പിന് ഇത്തിരി ആശ്വാസം നല്‍കാന്‍ ഒരു സാനിറ്ററി നാപ്കിനോ, ഇത്തിരി മരുന്നോ വാങ്ങി തരാനുള്ള കഴിവുള്ളതുകൊണ്ട് മാത്രമാണ് ആ പെണ്‍കുട്ടി ഒരാളെ പ്രണയിച്ചു തുടങ്ങിയത്. തന്‍റെ സങ്കല്പത്തിലെ ആളല്ല അവളുടെ കാമുകന്‍, പക്ഷെ എല്ലാ മാസവും അവള്‍ക്കു കൃത്യമായി സാനിറ്ററി പാഡുകളും മരുന്നും നല്കുന്നതുകൊണ്ടു മാത്രം ആ പെണ്‍കുട്ടി അയാളെ പ്രണയിക്കുന്നു .

ആര്‍ത്തവ തുണികള്‍ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കും. നാണം മാത്രമല്ല ഇതിന് പിന്നില്‍, മന്ത്രവാദികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളിലൊന്നാണ് ആര്‍ത്തവ രക്തം പറ്റിയ തുണി. ഏതെങ്കിലും വീട്ടില്‍ നിന്നും ഇത്തരം തുണികള്‍ കാണാതായാല്‍ ഉടന്‍ പ്രതിക്രിയകള്‍ ചെയ്യും. ഇല്ലെങ്കില്‍ ആ വീട്ടിലെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച്‌ കന്യകമാരായ പെണ്‍കുട്ടികള്‍ക്ക് ആപത്ത് വരുമെന്നാണ് വിശ്വാസം

പലപ്പോഴും അജ്ഞതയുടെ ആഴക്കടലുകളാണ് ഗ്രാമീണ യുവതികള്‍. എല്ലാ മാസവും ഉണ്ടാകുന്ന ആര്‍ത്തവം എന്താണെന്നറിയാതെ ആ സമയങ്ങളില്‍ ഗുഹ്യസ്ഥാനത്ത് തുണി തിരുകി വക്കുന്ന ഒരു പെണ്‍കുട്ടി. ഋതുമതി ആയതിന് ശേഷം ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്ഥലത്തെ ഒരു സാമൂഹ്യ സേവിക അവളെ തിരിച്ചറിഞ്ഞതും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതുംസാനിറ്ററി പാഡ് എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിച്ചതും.

എല്ലാ മാസവും അവള്‍ക്കു കൃത്യമായി സാനിറ്ററി പാഡുകളും മരുന്നും നല്കുന്നതുകൊണ്ടു മാത്രം ആ പെണ്‍കുട്ടി അയാളെ പ്രണയിക്കുന്നു.

എല്ലാ മാസവും അവള്‍ക്കു കൃത്യമായി സാനിറ്ററി പാഡുകളും മരുന്നും നല്കുന്നതുകൊണ്ടു മാത്രം ആ പെണ്‍കുട്ടി അയാളെ പ്രണയിക്കുന്നു.

പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയാല്‍…

കഴിഞ്ഞ ദിവസമാണ് ഒരു പയ്യന്‍ വന്നത്. അവന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഗര്‍ഭിണികള്‍ക്ക് സര്‍ക്കാരിന്റെ ചില സഹായങ്ങള്‍ കിട്ടും പക്ഷെ, അവന്റെ ഭാര്യക്ക് 18 വയസ് ആയിട്ടില്ല. 18 വയസ് തികയാത്തതിനാല്‍ സഹായം കിട്ടില്ല. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നന്വേഷിക്കാന്‍ വന്നതാണ്. പൊതുവെ പ്രസവങ്ങള്‍ വീടുകളിലാണ് നടക്കുക . ഇനി നഗരത്തിലുള്ള ആശുപത്രികളില്‍ ചെന്നാല്‍ എപ്പോഴും ഇവര്‍ വയസ് കൂട്ടിയാണ് പറയുക . പിന്നെ ആശുപത്രിക്കാര്‍ ഇത് കാര്യമാക്കാറുമില്ല .

ഗ്രാമങ്ങളില്‍ ഏതെങ്കിലും പെണ്‍കുട്ടി അവിഹിത ഗര്‍ഭം ധരിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്താല്‍ ഉത്തരവാദി ആയ ആള്‍ അബോര്‍ഷനുള്ള പണം കൊടുത്താല്‍ തീരുന്നതേയുള്ളൂ പരാതി. പ്രശ്നം ഗുരുതരമാണെങ്കില്‍ ഇത്തിരി നഷ്ടപരിഹാരവും ആ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള സഹായവും നല്‍കിയാല്‍ മതി. അതോടെ എല്ലാ പരാതിയും അവസാനിക്കും.

ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ ചെന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്ന ഒരു ക്ലീഷേ ഡയലോഗുണ്ട്, കഴിഞ്ഞത് കഴിഞ്ഞു, ഇനി അവളുടെ ഭാവി ഓര്‍ത്ത് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഇവിടെ ഒരു ദമ്ബതികള്‍ക്കുണ്ടായ ആദ്യത്തെ കുഞ്ഞ് പെണ്ണായിരുന്നു. ആ കാരണം കൊണ്ട് മാത്രം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറക്കി വിട്ട ആ പെണ്‍കുട്ടി സ്വന്തം കുഞ്ഞിനെ നോക്കി ഇപ്പോഴും ഈ ഗ്രാമത്തില്‍ ജീവിക്കുന്നു. ആ കുഞ്ഞിനിപ്പോള്‍ മൂന്ന് വയസാകുന്നു . തന്റെ മൂന്ന് പെണ്‍മക്കളില്‍ മൂത്തവള്‍ക്ക് ഈ ഗതി വന്നല്ലോ എന്നോര്‍ത്ത് സങ്കടപെടുന്ന ആ പെണ്‍കുട്ടിയുടെ പിതാവ് ഇന്ന് രാവിലെയും ചന്തയില്‍ വന്നിരുന്നു. അയാളുടെ കൂടെ പേരക്കുട്ടിയും ഉണ്ടായിരുന്നു.

ആവശ്യത്തിന് വസ്ത്രങ്ങള്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ജീവിക്കുക ? അവളുടെ വളര്‍ച്ചക്ക് അനുസരിച്ചു വേണ്ട വസ്ത്രങ്ങള്‍ ഇല്ല, ,അവളെന്തു ചെയ്യും ? പലപ്പോഴും തന്‍റെ പഴയ ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളുണ്ട് . ശരീര വളര്‍ച്ച ഒതുക്കിവയ്ക്കാന്‍ ആളുകളുടെ കൂര്‍ത്ത നോട്ടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഉണ്ട് . ആണ്‍കുട്ടികള്‍ പൊതുവെ പുറത്തിറങ്ങിഎന്തെങ്കിലും ജോലി ചെയ്തോ മറ്റോ അത്യാവശ്യം സമ്ബാദിക്കുകയും വേണ്ട വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്യും , പക്ഷെ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചു ഇത് അസാധ്യമായ കാര്യമാണ് . കല്യാണത്തിന് കടം വാങ്ങിയ ബ്രാ ഇട്ടു പോകുന്ന പെണ്‍കുട്ടിയെ , കീറിയ പാന്റീസ് വീണ്ടും വീണ്ടും തുന്നി ഉപയോഗിക്കുന്ന പെണ്‍കുട്ടിയെ , എല്ലാം ഈ ജീവിതത്തില്‍ കണ്ടിരിക്കുന്നു. ഓര്‍ത്തെടുത്താല്‍ ഇനിയും ഒരുപാടുണ്ട്. ചോര പൊടിയുന്ന സങ്കടങ്ങളുടെയും വേദനകളുടെയും ജീവിതങ്ങള്‍. അയ്യോ ഇത്തിരി തുണി പോലും എടുക്കാന്‍ ഇല്ലാത്ത വീടുകളോ , നാടോ എന്നൊക്കെ ചിന്തിക്കുന്ന പലരും ഉണ്ടാകും . അവരോടൊന്നും പറയാനില്ല .

source: daily hunt