തനിച്ച്‌ പോകുമ്ബോള്‍ അമ്മ മുളകുപൊടി പൊതിഞ്ഞുതരുമായിരുന്നു; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടിവന്നു

സിനിമാ മേഖലയില്‍ നിന്നുള്ള മീ ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. തെന്നിന്ത്യന്‍ താരം മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. ഒപ്പം തമിഴ് സിനിമാ മേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും മുംതാസ് തുറന്നുപറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ…

സിനിമാ മേഖലയില്‍ നിന്നുള്ള മീ ടൂ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. തെന്നിന്ത്യന്‍ താരം മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി. ഒപ്പം തമിഴ് സിനിമാ മേഖലയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ചും മുംതാസ് തുറന്നുപറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മുംതാസ് സിനിമാലോകവും പ്രേക്ഷകരും നടിമാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിശദമാക്കിയത്.
സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ട സാഹചര്യമുണ്ടായി. വിഷയം നടിഗര്‍ സംഘത്തിന്‍റെ സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പായതെന്നും മുംതാസ് പറഞ്ഞു. എന്നാല്‍ സംവിധായകന്‍റെ പേര് മുംതാസ് വെളിപ്പെടുത്തിയില്ല. മോശമായി പെരുമാറിയ ഒരാളോട് ദേഷ്യപ്പെടേണ്ടിവന്നു. അതിന് ശേഷം എവിടെ വെച്ച്‌ കണ്ടാലും അയാള്‍ മാഡം എന്നാണ് വിളിക്കുന്നതെന്നും മുംതാസ് പറഞ്ഞു.പണ്ട് ഓഡിഷന് പോകുമ്ബോള്‍ അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്തപ്പോള്‍ ‌മുളക് പൊടി പൊതിഞ്ഞു തരും. അന്ന് കുരുമുളക് സ്പ്രേ ഒന്നും ലഭ്യമല്ല. ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഉപയോഗിക്കണമെന്ന് പറഞ്ഞാണ് അമ്മ മുളകുപൊടി പൊതിഞ്ഞുതന്നിരുന്നതെന്നും മുംതാസ് പറഞ്ഞു. സംവിധായകനോ നിര്‍മാതാവോ നടനോ തനിച്ചു കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് നല്ലത്. അപകടം തിരിച്ചറിയാന്‍ കഴിയണം. ഇരകളാകാന്‍ നിന്നുകൊടുക്കരുതെന്നും മുംതാസ് പറഞ്ഞു.സിനിമാ മേഖലയിലെ ചിലരും ഒരു വിഭാഗം പ്രേക്ഷകരും നടിമാരെ പ്രൊഫഷണല്‍ വേശ്യകള്‍ എന്ന നിലയിലാണ് കാണുന്നത്. കലാകാരികള്‍ അവരുടെ ജോലി ചെയ്ത് ജീവിക്കുന്നുവെന്ന് അംഗീകരിക്കുന്നില്ല. ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ കോണ്ടം വിതരണം ചെയ്യുന്നുണ്ടോ എന്ന ചോദ്യം കേള്‍ക്കേണ്ടിവന്നു. ഇതാണ് ആളുകളുടെ മാനസികാവസ്ഥ. നിങ്ങളുടെ വീട്ടില്‍ നിന്നും ഒരു സ്ത്രീ ജോലിക്ക് പോകുമ്ബോള്‍ ‌അവള്‍ ആരുടെയോ ഒപ്പം കിടക്കാന്‍ പോവുകയാണ് എന്നാണ് കരുതുക? പെണ്‍കുട്ടികള്‍ പുറത്തുപോയി ജോലി ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും മുംതാസ് ആവശ്യപ്പെട്ടു.