ബാല്യത്തിലെ കുസൃതികള്‍ കടന്ന് കൗമാരത്തിലേക് കടന്നപ്പോഴും അവരുടെ സൌഹൃദത്തിനു ഒരു കുറവും വന്നിരുന്നില്ല..

രചന :Divya Mukund “നമുക്ക് ഈ കുഞ്ഞിനെ വേണ്ട ശാലു…” അത് പറയുമ്പോള്‍ അവന്റെ കണ്ഠം ഇടറിയിരുന്നു. “ഏട്ടന്‍ എന്താ ഈ പറയുന്നേ…എനിക്ക് ഈ കുഞ്ഞിനെ വേണം.. ഇത് എന്‍റെ ഏട്ടന്‍റെ കുഞ്ഞല്ലേ.. നമ്മുടെ…

രചന :Divya Mukund

“നമുക്ക് ഈ കുഞ്ഞിനെ വേണ്ട ശാലു…” അത് പറയുമ്പോള്‍ അവന്റെ കണ്ഠം ഇടറിയിരുന്നു. “ഏട്ടന്‍ എന്താ ഈ പറയുന്നേ…എനിക്ക് ഈ കുഞ്ഞിനെ വേണം.. ഇത് എന്‍റെ ഏട്ടന്‍റെ കുഞ്ഞല്ലേ.. നമ്മുടെ കുഞ്ഞല്ലേ.. ഇതിനെ കളയാന്‍ ഞാന്‍ സമ്മതിക്കില്ലാ.. എനിക്ക് വേണം ഏട്ടാ ഇതിനെ..” ശ്രീയെ കെട്ടിപ്പിടിച്ച് അവള്‍ കരയാന്‍ തുടങ്ങി… അവളുടെ കണ്ണുനീരില്‍ അയാളുടെ ഷര്‍ട്ട്‌ കുതിര്‍ന്നു… “ഇങ്ങനെ കരയാതെ പെണ്ണെ… എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണ് എന്നാണോ നീ വിചാരിക്കുന്നേ…. പക്ഷെ….” പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അവള്‍ ശ്രീയുടെ വായ പൊത്തി. “ഒരു പക്ഷേയുമില്ല ഏട്ടാ… എല്ലാം നല്ലതേ സംഭവിക്കൂ… ഇതിനെ വേണ്ടാന്നു മാത്രം പറയല്ലേ…” ചങ്ക് പൊട്ടി കരയുന്ന തന്‍റെ പെണ്ണിനെ നോക്കി മറുത്ത് ഒരു വാക്ക് പറയാന്‍ ആവാതെ, അവളെ മാറോടടക്കിപ്പിടിച്ച് മൌനാനുവാദം നല്‍കാനേ അവനായുള്ളൂ…… ശ്രീഹരിയും ശാലുവും ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. എല്ലാവരുടെയും കണ്ണിലുണ്ണികള്‍… ബാല്യത്തിലെ കുസൃതികള്‍ കടന്ന് കൌമാരത്തിലേക്ക് കടന്നപ്പോഴും അവരുടെ സൌഹൃദത്തിനു ഒരു കുറവും വന്നിരുന്നില്ല..

പിന്നീടു എപ്പോഴോ അവരുടെ സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി. അവരുടെ ഇഷ്ടത്തില്‍ രണ്ടുകൂട്ടരുടെ വീട്ടുകാര്‍ക്കും യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ചു നാള്‍ നീണ്ട അവരുടെ പ്രണയത്തിനൊടുവില്‍ ഒരു പ്രശ്നവും ഇല്ലാതെ അവര്‍ വിവാഹിതര്‍ ആയി.. കണ്ടാല്‍ ആരും അസൂയപ്പെട്ടുപോകുന്ന ദമ്പതികള്‍. ഇണക്കങ്ങളും പിണക്കങ്ങളുമായി ഒരു വര്‍ഷം കടന്നുപോയി.. അപ്പോളേക്കും വീട്ടുകാരും നാട്ടുകാരും ചോദിച്ചു തുടങ്ങി വിശേഷം ഒന്നും ആയില്ലേന്ന്‍… അതിനു മാത്രം ദൈവം എന്തോ അവധി കല്പിച്ചതു പോലെ… കുറെ ട്രീറ്റ്മെന്റ് നടത്തി… ഫലം കണ്ടില്ല. പിന്നീട് വളരെ നാള്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഒടുവിലായി ആ ചുവന്ന അടയാളം മാറി.

അവളുടെ ഉള്ളില്‍ അവന്‍റെ ജീവന്‍റെ തുടിപ്പുകള്‍… ജീവിതത്തിലെ മനോഹരങ്ങളായ നിമിഷങ്ങള്‍… അതിനു ശേഷം അവളുടെ വാശിയും കുസൃതിയും കൂടി വന്നു. പക്ഷേ പ്രെഗ്നന്‍സിയില്‍ കുറച്ച് കോംപ്ലികേഷന്‍ ഉള്ളത് കൊണ്ട് ആകെ പേടിയായിരുന്നു. അബോര്‍ഷെന്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ ആണ് സമ്മതിക്കാതിരുന്നത്. ആറ്റുനോറ്റിരുന്നു കിട്ടിയ കണ്മണി ആയതിനാല്‍ അതിനെ വിട്ടുകളയാനും മനസ്സനുവദിച്ചില്ല. അവളുടെ വാശിക്ക് വഴങ്ങി അവന്‍ അതിനും സമ്മതിച്ചു. ഒരു ദിവസം രാവിലെ കട്ടനൊക്കെ കുടിച്ചു, കുളിയ്ക്കാന്‍ പോയ അവനെ വാതിലില്‍ തടഞ്ഞുനിര്‍ത്തി, അന്ന് ആദ്യമായി അവള്‍ ഒരു ആഗ്രഹം അവനോടു പറഞ്ഞു. “ശ്രീയേട്ടാ… നമുക്ക് ഇന്നൊന്നു കറങ്ങാന്‍ പോയാലോ… രാത്രിയില്‍ മതീട്ടോ..” അവന്‍ കേട്ട ഭാവം നടിച്ചില്ല. പക്ഷെ ചിണുങ്ങിയുള്ള അവളുടെ മുഖം കണ്ടപ്പോള്‍ അവനു വല്ലാത്ത രസം തോന്നി. “നിനക്ക് അങ്ങനെയൊക്കെ പറയാം… നിന്നേം കൂട്ടി ഈ രാത്രിയില്‍ കറങ്ങാന്‍ പോയാല്‍ ഭേഷായി… മഴയും കൂടി പെയ്താല്‍ ശേലായിരിക്കും… ഒന്ന് പോയേടി…..അമ്മയറിഞ്ഞാല്‍ വഴക്ക് മുഴുവനും എനിക്ക് കിട്ടും…. അതുകൊണ്ട് കറക്കം ഒക്കെ വേണേ ഞായറാഴ്ച രാവിലെ നോക്കാട്ടോ….” അതോടെ അവളുടെ മുഖം വാടിയ താമര പോലെ ആയി… അത് കണ്ടപ്പോള്‍ അവനെന്തോ സഹിക്കാന്‍ കഴിഞ്ഞില്ല.. “ഇതുവരെ അവള്‍ ഒന്നിനും തന്നോട് വാശി കാണിച്ചിട്ടില്ല… ഇതെങ്കിലും നടത്തിക്കൊടുക്കണം..” അവന്‍ മനസ്സില്‍ പറഞ്ഞു. ഓഫീസിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴും അവളുടെ മുഖം വാടി തന്നെ…. ചങ്കൊന്നു പിടഞ്ഞെങ്കിലും അവളോട്‌ യാത്ര പറഞ്ഞിറങ്ങി..

ഓഫീസില്‍ ഇരിക്കുമ്പോഴും അവളുടെ വാടിയ മുഖമായിരുന്നു അവന്‍റെ മനസ്സ് നിറയെ. പിന്നീട് കാത്തിരിപ്പായിരുന്നു… വൈകുന്നേരം മടങ്ങിച്ചെന്നു അവളെയും കൂട്ടി ഒരു ഡ്രൈവിനു പോകാന്‍.. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോളും അതേ ഭാവം തന്നെ. അമ്മയും അവളുടെ കൂടെ തന്നെ ഇരിപ്പുണ്ട്, അതുകൊണ്ട് ഒരു ചിരി പാസ്സാക്കിയിട്ട് അവന്‍ റൂമിലേക്ക് പോയി. “വിഷമിക്കാതെ മോളങ്ങട് ചെല്ല്. അമ്മ ഇപ്പൊ ചായ ഇട്ടു കൊണ്ടുവരാം” ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി. അവള്‍ പതിയെ റൂമിലേക്ക്‌ നടന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഡ്രസ്സ്‌ മാറുകയാണ് ശ്രീഹരി. അവളെ കണ്ടതും അവന്‍ അടുത്ത് ചെന്ന് അവളെ വാരിപ്പുണര്‍ന്നു. “നമുക്കിന്നു കറങ്ങാന്‍ പോകണ്ടേ പെണ്ണേ… നീയത് മറന്നു പോയോ..” അവള്‍ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു. അവന്‍ അടുത്ത് ചെന്ന് അവളുടെ മുഖം കൈക്കുമ്പിളില്‍ എടുത്തുയര്‍ത്തി. അവളുടെ കരിമഷിയെഴുതിയ കണ്ണുകള്‍ കലങ്ങിയിട്ടുണ്ടായിരുന്നു. അത് ഒരു ചാലുപോലെ അവളുടെ കവിളുകളെ നനച്ചു. “അയ്യേ എന്‍റെ കുട്ടി കരയ്യാണോ…. കരയാതെ വേഗം പോയി റെഡി ആയിക്കെ… ഞാന്‍ അമ്മയോട് പറഞ്ഞോളാട്ടോ.” അവളുടെ ചുണ്ടില്‍ വിരിഞ്ഞ ആ ചിരി മതിയാരുന്നു അവളുടെ സന്തോഷത്തിന്‍റെ പരപ്പറിയാന്‍…. അങ്ങനെ അവളുടെ ഉള്ളിലെ വിങ്ങലു മാറ്റാന്‍ കഴിഞ്ഞ സന്തോഷത്തില്‍ അവന്‍ ഒരു മൂളിപ്പാട്ടും പാടി പുറത്തേക്കിറങ്ങി. വളരെ വേഗം രണ്ടാളും റെഡി ആയി. അവളുടെ മുഖത്ത് പഴയ ക്ഷീണമോ തളര്‍ച്ചയോ ഒന്നും ഇല്ല. അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. ഗ്രാമപ്രദേശം ആയതിനാല്‍ അത്ര വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. തന്‍റെ എല്ലാം ആയവള്‍ക്കൊപ്പം, അവളുടെ വയറ്റില്‍ വളരുന്ന തന്‍റെ കുഞ്ഞിനോടൊപ്പം ഒരു രാത്രിസഞ്ചാരം. വല്ലാത്ത സുഖമുള്ള ഒരു ഫീല്‍. റോഡിനു ഇരുവശവും നെല്‍വയലാണ്.ഇടയ്ക്കിടെ മാത്രം തെരുവ് വിളക്കുകള്‍ കണ്‍ചിമ്മുന്നുണ്ട്. നേരിയ തണുത്ത കാറ്റ് അവരെ കൂടുതല്‍ അടുപ്പിച്ചു. അവള്‍ അവനെ ഇറുകെ പിടിച്ചിരുന്നു. ¬

ഇങ്ങനെ അവളോടൊപ്പം, തന്‍റെ കുഞ്ഞിനോടൊപ്പം ഇങ്ങനെ ഹാപ്പി ആയി ലോകം ചുറ്റികറങ്ങുന്നത് അവന്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്നപ്പോള്‍ അവന്‍ കണ്ടത് കണ്ണീരുമായി തന്‍റെ ബെഡിനു അരികില്‍ ഇരുന്നു കരയുന്ന അമ്മയെയാണ്. നിയന്ത്രണമില്ലാതെ സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയപ്പോള്‍, എതിരെ വന്ന നിയന്ത്രണം പോയ കാറിനെ അവനു കാണാന്‍ ആയില്ല. ആദ്യം അവന്‍ അന്വേഷിച്ചതു ശാലു എവിടെ എന്നായിരുന്നു. അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ അവനെ ഭയത്തിലാഴ്ത്തി. “പറ അമ്മേ.. എന്‍റെ ശാലു എവിടെ…. അവള്‍ക്ക് ന്തേലും പറ്റിയോ? എന്‍റെ കുഞ്ഞ്???” “മോന്‍ തളരരുത്. മോള്‍ക്ക്‌ അധികം കുഴപ്പമില്ല.. പക്ഷെ…” ആ പക്ഷെ എന്ന വാക്കില്‍ അവനുള്ള ഉത്തരം ഉണ്ടായിരുന്നു. “എന്‍റെ മോന്‍ വേണം അവളെ പറഞ്ഞു സമാധാനിപ്പിക്കാന്‍.. നമുക്ക് വിധിച്ചിട്ടില്ലാന്ന്‍ കരുതി സമാധാനിക്ക്….” വിങ്ങല്‍ അടക്കാനാവാതെ ആ അമ്മ പൊട്ടിക്കരഞ്ഞു. അവനും… അവന്‍റെ മനസ്സുനിറയെ ശാലുവിന്‍റെ പുഞ്ചിരിയായിരുന്നു. അവള്‍ ഇനി എങ്ങനെയാകും? തന്നെക്കാള്‍ കൂടുതല്‍ കുഞ്ഞിനു വേണ്ടി റിസ്ക്‌ എടുത്തത് അവളായിരുന്നു. ഇത് താങ്ങാന്‍ ആ പാവത്തിന് ആകില്ല. അവളെ സമാധാനിപ്പിക്കണം. തളര്‍ന്നു പോകാതെ താങ്ങാന്‍.. അവളുടെ മിഴിയൊന്നു നനഞ്ഞാല്‍ അതൊപ്പാന്‍ അവളുടെ തൊട്ടരികില്‍ ഞാന്‍ ഉണ്ടാകും… എന്നും…ഇങ്ങനെ ഒരുപാട് ചിന്തകള്‍ അവന്‍റെ മനസ്സിലൂടെ ഊളിയിട്ടുപോയി. “അമ്പാടീ… നിക്കവിടെ… അമ്മയെ ഇട്ടിങ്ങനെ ഓടിക്കല്ലേ. ദാ.. ഈ ഒരു ഉരുള കൂടി കഴിച്ചാ മതി.. അമ്മേടെ മുത്തല്ലേ..” ശാലുവിന്‍റെ ബഹളം കേട്ടാണ് അവന്‍ ഓര്‍മയുടെ കടവില്‍ നിന്നു ഇറങ്ങിയത്‌. അമ്പാടി. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ദൈവം അവര്‍ക്കായ് കരുതിവെച്ച നിധി. ഇന്ന് അവര്‍ ജീവിക്കുന്നു… അവരുടെ മാത്രമായ സ്വര്‍ഗത്തില്‍.