നീറുന്ന വയറില്‍ എവിടെയാണ് പരിശീലനം, ദ്യുതിയുടെ’ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍

നെടുവീർപ്പിടുകയാണ് ദ്യുതി വിതറിയിട്ട ട്രോഫികളും മെഡലുകളും നോക്കി,  പോത്തൻകോട് സ്വദേശിയായ ദ്യുതിയെന്ന കായിക താരത്തിന് വന്നു ചേർന്ന ദുർവിധിയെന്തെന്നെന്നുള്ള ചോദ്യത്തിന് ആ കണ്ണീർ തന്നെയാണ് ആദ്യ ഉത്തരം. ട്രയാത്ത്‍ലൺ എന്ന കായികയിനത്തിൽ മെഡലുകളും ട്രോഫികളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടിയവൾ.…

നെടുവീർപ്പിടുകയാണ് ദ്യുതി വിതറിയിട്ട ട്രോഫികളും മെഡലുകളും നോക്കി,  പോത്തൻകോട് സ്വദേശിയായ ദ്യുതിയെന്ന കായിക താരത്തിന് വന്നു ചേർന്ന ദുർവിധിയെന്തെന്നെന്നുള്ള ചോദ്യത്തിന് ആ കണ്ണീർ തന്നെയാണ് ആദ്യ ഉത്തരം. ട്രയാത്ത്‍ലൺ എന്ന കായികയിനത്തിൽ മെഡലുകളും ട്രോഫികളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടിയവൾ. ഉണ്ണാതെയും ഉടുക്കാതെയും  മികച്ചൊരു ഭാവി സ്വപ്നം കണ്ടവൾ.

കഴിവിനെ കാശ് കൊണ്ടളക്കുന്ന നാട്ടിൽ പിറന്നു പോയി എന്നതാണ് ദ്യുതി ചെയ്ത ചെറ്റ്. പരിശീലനത്തിന് പണമില്ല. സ്പോർട്സ് കിറ്റിനുള്ള പണം വേറെ കണ്ടെത്തണം. ഗ്ലാമർ കായികയിനം അല്ലാത്തതു കൊണ്ട് തന്നെ സ്പോൺസർമാരുമില്ല. എന്തിനേറെ പറയണം, ഭക്ഷണം കഴിക്കാൻ പോലും ഇരക്കണം.

ദേശീയ ഗെയിംസ് കേരളത്തിൽ എത്തിയപ്പോഴാണ് നീന്തലും സൈക്ലിംഗും ഓട്ടവും ചേർന്ന ട്രയാത്ത്‌ലൺ എന്ന ഇനത്തെക്കുറിച്ച് ദ്യുതി അറിയുന്നത്. പിന്നീട് ദ്യുതിയുടെ ഏക ലക്ഷ്യമായി ട്രയാത്ത്‌ലൺ. പക്ഷേ ലക്ഷങ്ങൾ വിലവരുന്ന സൈക്കിളോ, പരിശീലനമോ, ആഹാര ക്രമമോ താങ്ങാൻ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സാധിക്കുമായിരുന്നില്ല.

ഭക്ഷണത്തിന് പോലും കാശില്ലാതെ ബുദ്ധിമുട്ടുന്ന തങ്ങൾ പരിശീലനത്തിനായി പണം എങ്ങനെ കണ്ടെത്തുമെന്ന് നിസഹായതയോടെ ചോദിക്കുന്നു. കടബാധ്യതയിൽ മുങ്ങിയാണ് ദ്യുതിയുടെ മാതാപിതാക്കളുടെ ഓരോ ദിനവും കടന്ന പോകുന്നത്. മകളുടെ കണ്ണീർ കാണുമ്പോൾ, അവളുടെ വിഷമം കാണുമ്പോൾ എല്ലാം കണ്ട് കണ്ണീർ വാർക്കാനോ അവർക്കാകുന്നുള്ളൂ.

ദേശീയ ഗെയിംസിന് യോഗ്യതയ്ക്കായുള്ള ട്രയൽസ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പരിശീലനം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ 23 കാരി. ശരിയായ പരിശീലനം ലഭിച്ചാല്‍ യോഗ്യത നേടാന്‍ പറ്റും എന്ന ആത്മവിശ്വാസം ദൃതിക്കുണ്ട് ഇതിനായി കനിവുള്ള മനസുകളുടെ സഹായമാണ് ആവശ്യം.