പാകിസ്താനില്‍ ഇന്ത്യയുടെ ആക്രമണത്തിനു പിന്നാലെ നടക്കുന്നത്

                                                 …

                                                                                                                                                           

ഇസ്‌ലാമാബാദ്: പാകിസ്താന്‍ അതിർത്തിയിൽ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു പിന്നാലെ പാകിസ്താനില്‍ തിരക്കിട്ട തുടർനീക്കങ്ങള്‍. സാധാരണ എല്ലാ ആക്രമണങ്ങളെയും   തള്ളിപ്പറയുന്ന പാകിസ്താന്‍, ഇപ്രാവശ്യം ആദ്യം തന്നെ അതു സ്ഥിരീകരിച്ചു.

തങ്ങളുടെ വ്യോമാതിര്‍ത്തി ഇന്ത്യ ലംഘിച്ചുവെന്ന് വിമര്‍ശിക്കുകയും ബോംബിട്ടതിന്റെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.കൂടാതെ പാകിസ്താനിലെ ഇന്റര്‍ സെര്‍വീസ് പബ്ലിക് റിലേഷന്‍ ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെ ഉന്നതതല ചർച്ചകളും നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ഇമ്രാൻ ഖാൻ അടിയന്തര യോഗം നടത്താൻ തീരുമാനിച്ചു  

ഇന്ത്യൻ വ്യോമാക്രമണത്തിനു പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര യോഗം വിളിച്ചു. ഇസ്‌ലാമാബാദിലെ വിദേശ ഓഫിസിലാണ് യോഗം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പാക്  നിയന്ത്രണ രേഖ ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗമെന്ന് റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.മുൻ സെക്രട്ടറിമാരും മുതിർന്ന അംബാസിഡർമാരും പങ്കെടുക്കുന്ന യോഗത്തിൽ  സുരക്ഷാ സാഹചര്യമാണ് ആദ്യം  വിലയിരുത്തുന്നത്.

പാകിസ്താനെ പ്രകോപിപ്പിക്കരുത് : വിദേശ മന്ത്രി ഖുറേഷി

ആക്രമണത്തിനു പിന്നാലെ ആദ്യ പ്രതികരണമുണ്ടായ പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയില്‍ നിന്ന്. ഇന്ത്യ പാകിസ്താനെ വെല്ലുവിളിക്കരുതെന്നും ഡല്‍ഹിയില്‍ നിന്ന് കുറേക്കൂടി ആലോചിച്ചുള്ള നടപടി വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രവൃത്തിയില്‍ രാജ്യം നിരാശപ്പെടേണ്ടെന്നും രാജ്യത്തെ പ്രതിരോധ സംവിധാനം എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാന്‍ സന്ദര്‍ശനം മാറ്റിവച്ച് വിദേശ മന്ത്രി

പാക് വിദേശമന്ത്രി ജപ്പാനിലേക്ക്  സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ‘അതീവ ഗുരുതര സാഹചര്യം’ കാരണം യാത്ര മാറ്റിവയ്ക്കുന്നതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.