ഭാര്യയ്ക്ക് സൗന്ദര്യം കൂടിപ്പോയതിനാൽ അവളെ കൊല്ലാൻ ചെന്ന അയാൾക്ക്‌ കാണേണ്ടി വന്നത് മറ്റൊരു കാഴ്ച്ച

പ്രിയതമയുടെ മടിയിൽ തലചായ്ച്ചു കണ്ണടച്ചങ്ങനെ കിടക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. വല്ലാത്തൊരു അനുഭൂതിയിൽ ലയിച്ചു ഞാനങ്ങനെ കണ്ണടച്ചു കിടക്കും… കണ്ണു തുറന്നു കിടന്നാൽ ചെറിയൊരു പ്രശ്നമുണ്ട് എന്താന്നറിയില്ല ഓളുടെ മോന്ത കണ്ടാൽ ഉടനേ എനിക്കവളെ കൊല്ലാൻ…

പ്രിയതമയുടെ മടിയിൽ തലചായ്ച്ചു കണ്ണടച്ചങ്ങനെ കിടക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. വല്ലാത്തൊരു അനുഭൂതിയിൽ ലയിച്ചു ഞാനങ്ങനെ കണ്ണടച്ചു കിടക്കും…

കണ്ണു തുറന്നു കിടന്നാൽ ചെറിയൊരു പ്രശ്നമുണ്ട് എന്താന്നറിയില്ല ഓളുടെ മോന്ത കണ്ടാൽ ഉടനേ എനിക്കവളെ കൊല്ലാൻ തോന്നും…. സ്നേഹിച്ചു കൊല്ലാനല്ല ശരിക്കും കൊല്ലാൻ തോന്നും.. “ആരും ഇത് കേട്ട് ഞെട്ടണ്ട ” .. കുറേ കാലമായി അവളെ കൊല്ലണമെന്നുള്ള ചിന്ത മനസ്സിന്റെയുള്ളിൽ കിടന്നങ്ങനെ ഉരുണ്ടുമറിയാൻ തുടങ്ങിയിട്ട് ..

നല്ലൊരു അവസരം കിട്ടിയാൽ ഞാൻ അവളെ കൊല്ലും…. ഉറപ്പായും കൊല്ലും.. ഈയിടെയായി അവളുടെ മുഖം കാണുമ്പോഴേക്കും കത്തികൊണ്ട് കണ്ണുരണ്ടും ചൂഴ്ന്നെടുത്ത് കുത്തി കുടൽമാല പുറത്തിടാൻ തോന്നാറുണ്ട്… അങ്ങനെ ചെയ്താൽ ജയിലിൽ കിടക്കേണ്ടി വരുമെന്നുള്ള പേടി കാരണം സ്വയം നിയന്ത്രിക്കാറാണ് പതിവ്…

“കൊല്ലാൻ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട … സിറിയയിലും ഫലസ്തീനിലും ബർമയിലുമൊക്കെ കണ്ടമാനം ആൾക്കാർ ദിവസേന മരിച്ചുവീഴുന്നത് പ്രത്യേകിച്ചെന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ… അവരെ കൊല്ലുന്നവർക്കറിയുമോ അവരെന്തിനാ കൊല്ലുന്നതെന്ന്…

അവരെപ്പോലെയൊന്നുമല്ല ഞാൻ. ഞമ്മള് ഞമ്മളെ സ്വന്തം കെട്ട്യോളെയാണ് കൊല്ലാൻ പോകുന്നത്. അതിന് ദീർഘനാളത്തെ നിരീക്ഷണത്തിലൂടെ വളരെ വ്യക്തമായ കാരണങ്ങൾ കണ്ടെത്തി സ്വയം ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അവളെ കൊല്ലാനുള്ള ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഓളുടെ ഒടുക്കത്തെ മൊഞ്ചാണ്. നല്ല ഗോതമ്പിന്റെ നിറമാണ് പഹച്ചിക്ക്. ചുവന്ന് തുടുത്ത ചുണ്ടുകൾ കണ്ടാൽ ആർക്കും കടിച്ചു തിന്നാൻ തോന്നിപ്പോവും. തുടുത്ത കവിളുകളിൽ തൊട്ടാൽ ചോര പൊടിയും. വാലിട്ടെഴുതിയ കണ്ണുകളിൽ നുരചിതറുന്ന കടലലകൾ കാണാം..

അങ്ങനെ ആകെ മൊത്തത്തിൽ നോക്കിയാൽ ഒരൊന്നൊന്നര ഒടുക്കത്തെ മൊഞ്ചത്തിയാണെന്റെ സൂറ… ഞാനാണെങ്കിൽ കറുത്തു കരുവാളിച്ചു മെലിഞ്ഞുണങ്ങി ആകെക്കൂടി എന്തോ ഒരു കോലം… കണ്ണാടിയിൽ നോക്കിയാൽ കണ്ണാടി കുത്തിപ്പൊട്ടിക്കാൻ തോന്നും… എനിക്ക് തന്നെ ഇഷ്ടമില്ലാത്ത എന്നെ ജീവനുതുല്യം സ്നേഹിക്കുന്നതുപോലെ അഭിനയിക്കുകയാണവൾ എന്നാണ് ഞാൻ കരുതുന്നത്…

ഞാനും അവളുംകൂടി പുറത്തിറങ്ങിയാൽ സകലരും എന്നെ നോക്കി ഒരുമാതിരി പരിഹാസച്ചിരി ആണ്… ചെറുപ്പക്കാർ ആണെങ്കിൽ അവളെ മാത്രേ നോക്കൂ…. എനിക്കാണെങ്കിൽ ഈ ഭംഗിയുള്ള ചെറുപ്പക്കാരെ കാണുന്നതേ ഇഷ്ടമല്ല ഒരുമാതിരി വൃത്തികെട്ട ജന്തുക്കൾ…

രണ്ടാമത്തെ കാരണം കുറച്ചു സീരിയസ് ആണ്… അവൾക്ക് അവിഹിതം ഉണ്ടൊന്നൊരു സംശയം കുറേ കാലമായി മനസ്സിന്റെ ഉള്ളിൽ കിടന്നങ്ങനെ വിങ്ങുന്നു…. ഞാൻ എത്ര ശ്രമിച്ചിട്ടും അവളുടെ അവിഹിതം കയ്യോടെ പിടികൂടാൻ പറ്റിയിട്ടില്ല… ഇനി അഥവാ അങ്ങനെ ഇല്ലെങ്കിലും ഭാവിയിൽ ഉണ്ടായിക്കൂടായ്കയില്ലല്ലോ… സൗന്ദര്യമുള്ളവരെ കണ്ടാൽ ആർക്കായാലും ചെറിയൊരു ചാപല്യമൊക്കെ ഉണ്ടാവും.. മ്മളെ വച്ച് നോക്കിയാൽ ചുറ്റും സുന്ദരന്മാരുടെ ചാകരയാണ് ചാകര…

ഈ രണ്ടു കാരണങ്ങളാണ് അവളെ കൊല്ലാനായി ഞാൻ കണ്ടെത്തിയത്… അപ്പൊ നിങ്ങള് പറയും അവളെയങ് മൊഴിചൊല്ലിക്കൂടെ എന്ന്… അതും പറ്റില്ല… ഞാനവളെ മൊഴി ചൊല്ലിയാൽ ഓളെ വേറാരെങ്കിലും കെട്ടും… അവളങ്ങനെ അയാളുടെ കൂടെ ജീവിക്കുന്നത് കാണുമ്പോൾ അത്രയും നല്ലൊരു മൊഞ്ചത്തിയെ കൈവിട്ട നിരാശയിൽ ജീവിതകാലം മുഴുവൻ ഞാൻ കണ്ണീരു കുടിക്കേണ്ടി വരും… അവളങ്ങനെ എന്നെ ഒഴിവാക്കി സുഖിച്ചു ജീവിക്കണ്ട…

സോ.. അവളെ കൊല്ലുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും എന്റെ മുന്നിൽ ഇല്ല….

അങ്ങനെ അവളെ കൊല്ലാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി… കറുത്ത ഗ്ലൗസും തൊപ്പിയും പണ്ടുമുതലേ എന്റെയൊരു വീക്നെസ്സ് ആയിരുന്നു… എന്നെങ്കിലും ഒരിക്കൽ ആരെയെങ്കിലും കൊല്ലുമ്പോൾ അവ രണ്ടും ധരിച്ചേ ചെയ്യാവൂ എന്ന് ഞാൻ നഴ്സറിയിൽ പഠിക്കുന്ന സമയത്ത് തന്നെ മനസ്സിൽ ഉറപ്പിച്ചതാണ്… ഇപ്പോഴാണ് അങ്ങനെയൊരു അവസരം കൈവന്നത്…

അങ്ങനെ ഗ്ലൗസും തൊപ്പിയുമൊക്കെ ധരിച്ചു നല്ല പ്രൊഫഷണൽ ലുക്ക് വരുത്തിയശേഷം ഒരു പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി അവൾ കിടക്കുന്ന മുറി ലക്ഷ്യമാക്കി നീങ്ങി… മുറിയിലെ അരണ്ട വെളിച്ചത്തിൽ ഒരു മൽസ്യകന്യകയെപ്പോലെ കിടക്കുന്ന സൂറയെ കണ്ടപ്പോൾ ആദ്യമൊരു ചെറിയ ചാപല്യമൊക്കെ തോന്നിയെങ്കിലും മനസ്സിലെ കൊലയാളി പതറിയില്ല… പിന്നൊന്നും നോക്കിയില്ല നേരെ അവളുടെ കഴുത്തു ലക്ഷ്യമാക്കി എന്റെ കൈകൾ നീങ്ങി..

അവളെ കഴുത്തു ഞെരിച്ച് കൊല്ലാനൊരുങ്ങുന്നതിനിടയിലാണ് മഴ പെയ്തത്…. മഴവെള്ളം ചെവിയിലേക്കും മൂക്കിലേക്കും ഇരച്ചു കയറി. അതിനിടക്ക് ആരോ എന്നെപിടിച്ചു ശക്തിയായി തള്ളി….

കണ്ണു തുറന്നു നോക്കുമ്പോൾ കയ്യിലൊരുക്കിണ്ടി വെള്ളവുമായി മ്മളെ കെട്ട്യോൾ സൂറ അതാ ഭദ്രകാളിയെപ്പോലെ കലിതുള്ളി മുന്നിലിങ്ങനെ നിക്കുന്നു… ഭംഗിയൊക്കെ വല്ലാതെ കുറഞ്ഞപോലെ… മെല്ലെ ഏന്തിവലിഞ്ഞു കണ്ണാടിയിലേക്ക് നോക്കിയപ്പോൾ ഞാനും സ്വപ്നത്തിൽ കണ്ടപോലൊന്നുമല്ല… അത്യാവശ്യം കാണാനൊക്കെ കൊള്ളാം… ശരിക്കും ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയാണെന്ന് പലപ്പോഴും പലരും പറഞ്ഞിട്ടുമുണ്ട്….

പിന്നെന്തിനവളെ കൊല്ലണം ഹേ… അതും ഇതുവരെ ഒരു പല്ലിയെപ്പോലും കൊല്ലാത്ത ഞാൻ…. ഇപ്പൊ കൊല്ലും നോക്കിയിരുന്നോ… ആ കണ്ട സ്വപ്നത്തിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ആ സ്വപ്നം ഒരു ഓർമ്മപ്പെടുത്തലാണ്…. കൊല്ലുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ..

രചന: Saleel Bin Qasim