മരണത്തിലും പിരിയാതെ…

മരണത്തിലും പിരിയാതെ അവരുടെ പ്രണയം ആത്മാര്‍ഥമായിരുന്നു. ഒന്നിച്ചു ജീവിക്കാനവര്‍ ഏറെ കൊതിച്ചു. അതിനായി അവര്‍ സ്വന്തം കുടുംബങ്ങളോടും ഗോത്രത്തോടും പരമാവധി കെഞ്ചി യാചിച്ചു. അനുവദിച്ചില്ലെന്നു മാത്രമല്ല വിവാഹം കഴിച്ചാല്‍ കൊന്നുകളയും എന്ന ഭീഷണിയും മുഴക്കി.അവര്‍…

മരണത്തിലും പിരിയാതെ

അവരുടെ പ്രണയം ആത്മാര്‍ഥമായിരുന്നു. ഒന്നിച്ചു ജീവിക്കാനവര്‍ ഏറെ കൊതിച്ചു. അതിനായി അവര്‍ സ്വന്തം കുടുംബങ്ങളോടും ഗോത്രത്തോടും പരമാവധി കെഞ്ചി യാചിച്ചു. അനുവദിച്ചില്ലെന്നു മാത്രമല്ല വിവാഹം കഴിച്ചാല്‍ കൊന്നുകളയും എന്ന ഭീഷണിയും മുഴക്കി.അവര്‍ തളര്‍ന്നില്ല. പലരോടും കേണു.ഒടുവില്‍ ഇരുവരുടെയും സമുദായങ്ങള്‍ വെവ്വേറെ മീറ്റിങ്ങുകള്‍ നടത്തി.

പലതവണ.പക്ഷേ കാലത്തിന്‍റെ മാറ്റമുള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന ജാതിക്കോമരങ്ങള്‍ അവസാന തീര്‍പ്പും കല്‍പ്പിച്ചു.ഈ വിവാഹം ഒരിക്കലും നടക്കാന്‍ പാടില്ല.

എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു എന്ന് ബോദ്ധ്യമായത്തോടെ ഇരുവരും ആരുമറിയാതെ വീടുവിട്ടിറങ്ങി.ഗ്രാമാതിര്‍ത്തിയില്‍ മലമുകളിലുള്ള ആളൊഴിഞ്ഞ ശിവക്ഷേത്രത്തില്‍ പോയി പരസ്പ്പരം മാല ചാര്‍ത്തി വിവാഹിതരായി.

ഒരു പകലും രാത്രിയും അവര്‍ അവിടെ കഴിച്ചുകൂട്ടി.പിറ്റേ ദിവസം രാവിലെ അവര്‍ ക്ഷേത്രാങ്കണത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.പരസ്പ്പരം കെട്ടിപ്പുണര്‍ന്നു മരിച്ചുകിടന്ന അവരുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത് കാലിമേയ്ക്കുന്ന പയ്യന്മാരായിരുന്നു.നാടും നാട്ടുകാരും ഞെട്ടി.അവര്‍ പരസ്പ്പരം കുറ്റപ്പെടുത്തലുകളില്‍ സ്വന്തം നിലപാടുകളില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇപ്പോഴും.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.ഛത്തീസ്ഗഡ്‌ ലെ രാജ് നാന്ദ് ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്നും 11 കി.മീറ്റര്‍ അകലെ ‘പെന്തക്കോട’ ഗ്രാമത്തിലെ ആദിവാസി യുവാവ് നീരജും (20) ഉം തൊട്ടടുത്ത ഗ്രാമത്തിലെ ഹരിജന്‍ യുവതിയായ ദാമിനി(19) യുമായിരുന്ന ഹതഭാഗ്യരായ ആ യുവമിഥുനങ്ങള്‍.

ഇവരുടെ വിവാഹത്തിന് ആദിവാസി ഗോത്രത്തല വന്മാര്‍ സമ്മതം മൂളിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ സമുദായം ഈ ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. ഇരു സമുദായങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഗോത്രത്തലവന്മാര്‍ ഈറ്റപ്പുലികളെപ്പോലെ പലപ്പോഴും ചീറിയടുത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു..

നിഷ്കളങ്കമായ സ്നേഹവും ഒരുമിച്ചു ജീവിക്കാനുള്ള അദമ്യമായ അഭിലാഷവും സമുദായങ്ങള്‍ കണ്ടില്ല. അവരിന്നും പൊയ്പ്പോയ ഇരുണ്ട യുഗത്തിന്‍റെ കവലാളുകളായി നിലകൊള്ളുന്നു