Categories: Film News

മലയാളത്തില്‍ വീണ്ടും വരുന്നു ഒരു ത്രീഡി കാലം!!

മലയാളത്തില്‍ മൂന്ന് ത്രീ ഡി ചിത്രങ്ങളാണ് അടുത്തകാലത്ത് പ്രഖ്യാപിച്ചത്. ആദ്യത്തേത് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. അതുപോലെ ടോവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം, മൂന്നാമത്തെ ചിത്രം ജയസൂര്യ നായകനാകുന്ന കത്തനാര്‍.

ത്രീഡീ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മലയാളിയുടെ ദൃശ്യ സങ്കല്പങ്ങളെ മാറ്റി എഴുതാന്‍ ചിത്രങ്ങള്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോളിവുഡില്‍ കണ്ടുപരിചയിച്ച ത്രീഡീ സാങ്കേതികവിദ്യ നേരത്തെയും മലയാള സിനിമയില്‍ പരീക്ഷിച്ചിട്ടുണ്ട്. മലയാളത്തില്‍ റിലീസ് ചെയ്തിട്ടുള്ള മൈഡിയര്‍ കുട്ടിച്ചാത്തന്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡീ ചിത്രം.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് കടലിലും കരയിലും ഉള്ള വാസ്‌കോഡഗാമയുടെ നിധിക്ക് 400 വര്‍ഷമായി കാവല്‍ നില്‍ക്കുന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 1900 , 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്.

അമാനുഷിക കഴിവുകള്‍ ഉള്ള വൈദിക കഥാപാത്രമായ കടമറ്റത്ത് കത്തനാര് കഥയാണ് കത്തനാര്‍ എന്ന ചിത്രത്തിലൂടെ പറയുന്നത്. ന്യൂതന ടെക്‌നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന ചിത്രം വളരെയധികം പ്രത്യേകതകളോടെ ആണ് ഇറങ്ങുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. അനുഷ്‌കയുടെ ആദ്യത്തെ മലയാളം സിനിമ കൂടിയാണ് ഈ ചിത്രം. വിവിധ ഭാഷകളിലായി ഈ ചിത്രത്തിലെ വേള്‍ഡ് വൈഡ് റിലീസ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Anu