Film News

ഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം..! ചിരി പടര്‍ത്തിയിട്ട് ഒരു വർഷം; രോമാഞ്ചത്തിന്‍റെ ആകെ കളക്ഷൻ

മലയാള സിനിമ കുറച്ച് നാളായി മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. വിരലിലെണ്ണാവുന്ന ഹിറ്റുകള്‍ മാത്രമാണ് ഒരു വര്‍ഷം ഉണ്ടാകുന്നത്. ചെറിയ സിനിമകള്‍ ആണെങ്കില്‍ രക്ഷപെടാൻ ഒരു അവസരവും ഇല്ലാതെ പോകുന്നു. മൗത്ത് പബ്ലിസിറ്റി ഉണ്ടെങ്കില്‍ മാത്രമേ തീയറ്റററിലേക്ക് ആളുകള്‍ എത്തുകയുള്ളൂ. മൗത്ത് പബ്ലിസിറ്റി ഒരു ട്രെൻഡ് ആയി തന്നെ മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ആയ രോമാഞ്ചമാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ഹൈപ്പോ വൻ താരങ്ങളുടെ പകിട്ടോ ഇല്ലാതെ എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

രോമാഞ്ചും റിലീസ് ആയി ഒരു വര്‍ഷമാകുമ്പോള്‍ ചിത്രത്തിന്‍റെ ആകെ കളക്ഷൻ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 70 കോടിയാണ് രോമാഞ്ചത്തിന്റെ ആ​ഗോള കളക്ഷൻ. കേരളത്തിൽ 42.2 കോടി, ROI – 4.18 കോടി, ഡൊമസ്റ്റിക് 46.38 കോടി, ഓവർസീസ് 23.3 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. 2023ലെ സിനിമകളുടെ കളക്ഷൻ പരിഗണിച്ചാല്‍ ലാം സ്ഥാനത്താണ് രോമാഞ്ചം ഉള്ളത്. 2018, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് യഥാക്രം ഒന്ന് മുതൽ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഓള്‍ ടൈം മലയാളം ഹിറ്റുകളിലും രോമാഞ്ചം ഇടം നേടിയിരുന്നു.

2023 ഫെബ്രുവരി 3നാണ് രോമാഞ്ചം റിലീസ് ചെയ്തത്. ജിത്തു മാധവൻ ആയിരുന്നു സംവിധാനം. സൗബിൻ ഷാഹിറും അർജുൻ അശോകനും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരന്ന ചിത്രം തിയറ്ററുകളിൽ ഒന്നാകെ ചിരിപടർത്തി. ഓരോ ഷോ കഴിയുന്തോറും രോമാഞ്ചത്തിന് ചിത്രത്തിന്‍റെ മൗത്ത് പബ്ലിസിറ്റി ഏറിക്കൊണ്ടിരുന്നു. ചിത്രത്തിന്‍റെ വൻ വിജയത്തിന് കാരണവും ഈ മൗത്ത് പബ്ലിസിറ്റി തന്നെയായിരുന്നു.

Ajay Soni