ജീവനക്കാര്‍ അബദ്ധത്തില്‍ അടച്ചുപൂട്ടി; 18 മണിക്കൂര്‍ ബാങ്ക് ലോക്കറില്‍ കുടുങ്ങി 85കാരന്‍

മലയാളത്തിലെ ഹെലന്‍ എന്ന സിനിമയില്‍ അന്ന ബെന്നിന്റെ കഥാപാത്രം ഫ്രീസര്‍ റൂമില്‍ കുടുങ്ങി പോകുന്നത് നാം കണ്ടിട്ടുണ്ട്. കഷ്ടിച്ചാണ് ഈ കഥാപാത്രത്തിന് ജീവന്‍ തിരിച്ചു കിട്ടിയത്. ചിത്രത്തിലെ അതേ അനുഭവം നേരിട്ടിരിക്കുകയാണ് 85 വയസ്സുള്ള…

മലയാളത്തിലെ ഹെലന്‍ എന്ന സിനിമയില്‍ അന്ന ബെന്നിന്റെ കഥാപാത്രം ഫ്രീസര്‍ റൂമില്‍ കുടുങ്ങി പോകുന്നത് നാം കണ്ടിട്ടുണ്ട്. കഷ്ടിച്ചാണ് ഈ കഥാപാത്രത്തിന് ജീവന്‍ തിരിച്ചു കിട്ടിയത്. ചിത്രത്തിലെ അതേ അനുഭവം നേരിട്ടിരിക്കുകയാണ് 85 വയസ്സുള്ള വി കൃഷ്ണ റെഡ്ഡി എന്നയാള്‍ക്ക്. ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ജോലിക്കെത്തിയ താല്‍ക്കാലിക ജീവനക്കാരി അബദ്ധത്തില്‍ കൃഷ്ണ റെഡ്ഡിയെ ലോക്കറില്‍ അടച്ചുപൂട്ടുകയായിരുന്നു. 18 മണിക്കൂര്‍ അന്നപാനീയങ്ങളില്ലാതെ കഴിഞ്ഞശേഷം ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ചെക്ക്പോസ്റ്റിന് സമീപമുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് സംഭവം.

തന്റെ നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ബാങ്ക് ലോക്കറില്‍ പോയ കൃഷ്ണ റെഡ്ഡിയെ ബാങ്ക് ജീവനക്കാരന്‍ അബദ്ധത്തില്‍ ലോക്കറിനുള്ളിലിട്ട് പൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുഴുവന്‍ അതിനകത്ത് ചെലവഴിച്ച ഇദ്ദേഹത്തെ അടുത്ത ദിവസമാണ് രക്ഷപ്പെടുത്തിയത്. പ്രമേഹമുള്‍പ്പടെ മറ്റ് പല അസുഖങ്ങളും ഉള്ളതിനാല്‍ അവശനിലയിലായ ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ജൂബിലി ഹില്‍സ് റോഡില്‍ താമസിക്കുന്ന 85 വയസ്സുകാരനായ വി. കൃഷ്ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് 4.30യോടെയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ തിരിച്ചെടുക്കുന്നതിനായി ബഞ്ചാര ഹില്‍സിലെ ബാങ്കിലെത്തിയത്.

പരിശോധനക്ക് ശേഷം അദ്ദേഹത്തെ ലോക്കര്‍ മുറിയിലേക്കയച്ചു. ബാങ്ക് അടക്കാനുള്ള സമയമായ വിവരം റെഡ്ഢിയെ ജീവനക്കാര്‍ അറിയിച്ചിരുന്നില്ല. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ ലോക്കര്‍ മുറിയിലുള്ള റെഡ്ഡിയെ ശ്രദ്ധിക്കാതെ അബദ്ധത്തില്‍ ബാങ്ക് അടക്കുകയായിരുന്നു. വൈകുന്നേരമായിട്ടും റെഡ്ഡി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇദ്ദേഹം ലോക്കറിനുള്ളില്‍ കുടുങ്ങിയെന്ന് മനസിലാക്കി.

ലോക്കര്‍ റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ ബോധരഹിതനായി അദ്ദേഹം കിടക്കുന്നതാണ് കണ്ടത്. അവശനിലയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പൊലീസ് എത്തിച്ചു. സ്ഥിരം ജീവനക്കാര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ താത്കാലിക ജീവനക്കാരാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നും അതിലൊരു സ്ത്രീയാണ് വൃദ്ധന്‍ അകത്തേയ്ക്ക് പോയത് ഓര്‍ക്കാതെ വാതില്‍ പൂട്ടിയതെന്ന് ബാങ്ക് അധികൃതര്‍ പോലീസിനോട് പറഞ്ഞു.