തീയറ്ററുകളിൽ 97% ഒക്കുപ്പൻസി; ലിയോയ്ക്ക് റെക്കോർഡ് നേട്ടം

പ്രീ റിലീസ് ഹൈപ്പിന്‍റെ കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും. അത്തരത്തിലുള്ള പ്രേക്ഷകാവേശമാണ് റിലീസിന് മുന്‍പ് ചിത്രത്തിന് ലഭിച്ചത്. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമാവുമോ ഈ വിജയ് ചിത്രം എന്നതായിരുന്നു ഈ കാത്തിരിപ്പ് ഇത്രയും ആവേശമുള്ളതാക്കിയ ഘടകം. അതിനുള്ള ഉത്തരവും സിനിമാപ്രേമികള്‍ക്ക് ഇന്നലെ ലഭിച്ചുകഴിഞ്ഞു. എന്തായാലും ലിയോ തകര്‍ത്ത റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയാണ്.  ആദ്യദിന ഗ്രോസ് സംബന്ധിച്ച നിര്‍മ്മാതാക്കളുടെ കണക്ക് പുറത്തുവരുന്നതിന് മുന്‍പ് പക്ഷേ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ലിയോ നേടിയിരിക്കുന്നത്. വമ്പന്‍ ഓപണിംഗ് റിലീസിന് മുന്‍പുതന്നെ ഉറപ്പിച്ച ചിത്രമായിരുന്നു ലിയോ. പ്രീ റിലീസ് ഹൈപ്പ് മാത്രമായിരുന്നില്ല അതിന് കാരണം, അതിലൂടെ ലഭിച്ച റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗുമാണ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. . പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടിയാണ്! കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് എന്നതിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഈ സംഖ്യ. ബോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ 1000 കോടി ഹിറ്റുകളായ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ പഠാനെയും ജവാനെയുംപോലും ഓപണിംഗില്‍ മറികടന്നിട്ടുണ്ട് ലിയോ. പഠാന്‍റെ ആദ്യഗിന ആഗോള ഗ്രോസ് 106 കോടിയും ജവാന്‍റേത് 129.6 കോടിയും ആയിരുന്നു. അതേസമയം 140 കോടി എന്നത് ലഭ്യമായ കണക്കാണ്. ഇതില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. വിജയിക്ക് വലിയ ആരാധകവൃന്ദമുള്ള കേരളത്തില്‍ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം എല്ലാ ഭാഷാചിത്രങ്ങളിലും ഏറ്റവും വലിയ ഓപണിംഗ് നേടിയിരുന്നു ലിയോ.

ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള കൌതുകകരമായ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് വിജയ് ചിത്രം. കൊച്ചി മള്‍ട്ടിപ്ലെക്സുകളുടെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് ആണ് ലിയോ നേടിയിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്ക് പ്രകാരം കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ ആദ്യദിനം ചിത്രം വിറ്റത് 22,800 ടിക്കറ്റുകളാണ്. പുലര്‍ച്ചെ 4 മുതല്‍ അര്‍ധരാത്രി വരെ നീണ്ട ഷോകളുടെ ആവേറേജ് ഒക്കുപ്പന്‍സി നോക്കിയാല്‍ 97 ശതമാനമാണ്. എന്തായാലും    നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗികമായിത്തന്നെ കണക്കുകള്‍ പുറത്തുവിട്ടേക്കും. കോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരവും യുവനിരയിലെ ഏറ്റവും ആരാധകരുള്ള സംവിധായകനും ഒരുമിക്കുന്നതിന്‍റെ ഹൈപ്പ് മാത്രമല്ല ലിയോയ്ക്ക് ലഭിച്ചത്. മാസ്റ്ററില്‍ ആദ്യമായി ഒന്നിച്ച ഇരുവരും വീണ്ടും ഒരുമിക്കുന്നതിന് മുന്‍പ് വിക്രം എന്ന ചിത്രം ലോകേഷ് ഒരുക്കുകയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് നിലവില്‍ വരികയും ചെയ്തതാണ് ലിയോയ്ക്ക് നേട്ടമായത്. വിജയ് ചിത്രം എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ എന്ന, റിലീസ് ദിനം വരെ നീണ്ട സസ്പെന്‍സ് ആണ് സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത പ്രീ റിലീസ് ഹൈപ്പിലേക്ക് ലിയോയെ ഉയര്‍ത്തിയത്.