ലിയോയ്ക്ക് ക്ലാഷ് വെച്ച് ഭഗവന്ത് കേസരി; ആദ്യദിന കളക്ഷൻ ഞെട്ടിക്കുന്നത്

ലിയോ റിലീസ് ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ സിനിമ ലോകം. ലിയോയ്‍ക്കൊപ്പം മറ്റൊരു വമ്പൻ തെലുങ്ക് ചിത്രവും കഴിഞ്ഞ ദിവസം റിലീസ് ചെയ്‍തിരുന്നു. നന്ദമുരി ബാലകൃഷ്ണ അഥവ ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലിയോയുമായി ക്ലാഷ് വച്ച ഏക തെന്നിന്ത്യന്‍ പടം  ഭഗവന്ത് കേസരി ആയിരുന്നു.നന്ദമുരി ബാലകൃഷ്‍ണയുടെ ഹാട്രിക് വിജയമായിരിക്കും ചിത്രം  എന്നാണ് ഇപ്പോള്‍ പുറത്തുവന്ന ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പറയുന്നത്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായി എത്തിയ ഭഗവന്ത് കേസരിക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭഗവന്ത് കേസരി ടെറിഫിക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചിത്രം നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. സംവിധായകൻ അനിൽ രവിപുടിക്കൊപ്പമുള്ള ബാലയ്യയുടെ ആക്ഷൻ എന്റർടെയ്‌നർ ബോക്‌സ് ഓഫീസിൽ തകർപ്പൻ തുടക്കമാണ് നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഭഗവന്ത് കേസരി ബാലയ്യയുടെ വണ്‍ മാന്‍ ഷോ ആണെന്നും ചിലര്‍ അഭിപ്രാടപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നുണ്ട്. ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ ചിത്രം 20 കോടിയിലധികം നേടിയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം 62.03 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തി.അതേ സമയം ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളില്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടതില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും പ്രതികരണങ്ങളുണ്ട്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നാണ് പൊതുവില്‍ അഭിപ്രായം. നന്ദാമുരി ബാലകൃഷ്‍യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു.

ആ ഹിറ്റുകളുടെ പ്രതീക്ഷകളുടെ ഹൈപ്പിലെത്തിയ ചിത്രമാണ് ഭഗവന്ത് കേസരിയും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 59.25 കോടി ഭഗവന്ത് കേസരി റിലീസിനു മുന്നേ നേടിയതും അതിനാലാണ്. പ്രീ റിലീസ് ബിസിനസ് 69.75 കോടിയാണ് ആഗോളതലത്തില്‍ ഭഗവന്ത് കേസരി ആകെ നേടിയത് എന്നുമാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. ഭഗവന്ത് കേസരിയില്‍ ശ്രീലീലയ്‍ക്കൊപ്പം കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സി രാമപ്രസാദാണ്. എസ് എസ് തമനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം വമ്പന്‍ ഓപണിംഗ് റിലീസിന് മുന്‍പുതന്നെ ഉറപ്പിച്ച ചിത്രമായിരുന്നു ലിയോ. പ്രീ റിലീസ് ഹൈപ്പ് മാത്രമായിരുന്നില്ല അതിന് കാരണം, അതിലൂടെ ലഭിച്ച റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗുമാണ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. ഇപ്പോഴിതാ ആദ്യദിന ആഗോള ബോക്സ് ഓഫീസ് സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ എത്തുമ്പോള്‍ കോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടിയാണ്.