
നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അടുത്തിടെ കർണാടക സർക്കാർ അറിയിച്ചിരുന്നു. പരിശോധിച്ച 22 ശതമാനം പാനി പൂരി സാമ്പിളുകളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കർണാടകയിലെ എഫ്എസ്എസ്എഐ കണ്ടെത്തുകയായിരുന്നു.
കർണാടകയിലുടനീളം 260 സാമ്പിളുകൾ ശേഖരിച്ചതിൽ 41 എണ്ണത്തിൽ കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തി. വെജ്, ചിക്കൻ, ഫിഷ് കബാബുകൾ എന്നിവ തയാറാക്കുന്നതിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെ നിരോധനവും ഏർപ്പെടുത്തി.
നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് പാനി പൂരി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ പഴകുമ്പോൾ വളരുന്ന സാൽമൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ ഉണ്ടാകും. സൂക്ഷ്മതയോടെയും ശുചിത്വത്തോടെയും തയാറാക്കുന്നില്ലെങ്കിൽ മാരക ഭക്ഷ്യവിഷബാധയ്ക്ക് വരെ പാനി പൂരി കാരണമാകും.











