മേക്കപ്പ് ഇട്ടാൽ മാത്രം പോരാ കളയാനും മനസ്സ് വേണം; ഇല്ലേൽ പണിയാകും

മേക്കപ്പിടാൻ വലിയ ഉത്സാഹമാണ് എന്നാൽ അവ റിമൂവ് ചെയ്യാൻ പലർക്കും മടിയാണ്. പക്ഷെ മേക്കപ്പ് ഉപയോഗിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവ നീക്കം ചെയ്യുന്നത് എന്ന് മനസിലാക്കുക. എങ്ങനെയാണ് ശരിയായ രീതിയിൽ മേക്കപ്പ് റിമൂവ് ചെയ്യേണ്ടതെന്ന് നോക്കാം.

ശരിയായ രീതിയില്‍ മേക്കപ്പ് നീക്കം ചെയ്യാത്തത് ചര്‍മപ്രശ്നങ്ങളിലേക്ക് നയിക്കും. മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ എപ്പോഴും ഡബിള്‍ ക്ലെന്‍സിങ് ചെയ്യാന്‍ മറക്കരുത്. ദീര്‍ഘ നേരം മേക്കപ്പ് ഉപയോഗിക്കുന്നത് അവ ചര്‍മത്തില്‍ ആഴത്തില്‍ പതിയാന്‍ കാരണമാകും. ഡബിള്‍ ക്ലെന്‍സിങ്ങിലൂടെ ഇത് ഒഴിവാക്കാം. മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട സംശയമാണ് എത്ര നേരം വരെ മേക്കപ്പ് ഉപയോഗിക്കാമെന്നത്.

നിങ്ങളുടെ ചര്‍മത്തിന്‍റെ സ്വഭാവം, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, മലിനീകരണം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് മേക്കപ്പ് ഉപയോഗിക്കുന്നതിന്‍റെ ദൈര്‍ഘ്യം തീരുമാനിക്കുന്നതെങ്കിലും 8 മുതല്‍ 12 മണിക്കൂര്‍ വരെയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മേക്കപ്പിനായി ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ നിങ്ങളുടെ ചര്‍മത്തിന് യോജിക്കുന്നതാണെന്നും ഉറപ്പാക്കുക.

ദിവസം മുഴുവൻ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരിക്കൽ എക്സ്ഫോളിയേഷനും മാസ്ക്കിങ്ങും ഉൾപ്പെടുത്താനും മറക്കണ്ട.