ലോകത്തെ ഒന്നാകെ നിശ്ചലമാക്കിയ പ്രതിസന്ധി, ഈ ദുരിതം തീരാനുള്ള വഴികൾ തേടി മൈക്രോസോഫ്റ്റ്; പ്രതികരണവുമായി സിഇഒ

ആഗോളവ്യാപകമായി വിൻഡോസ് കമ്പ്യൂട്ടറുകൾ നേരിടുന്ന പ്രശ്‌നത്തിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻറെ അപ്ഡേറ്റിലുണ്ടായ പിഴവിനെ തുടർന്നാണ് ഈ ​ഗുരുതര പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ‘ഇന്നലെ ക്രൗഡ്‌സ്ട്രൈക്ക് പുറത്തുവിട്ട അപ്‌ഡേറ്റാണ് ആഗോളതലത്തിൽ കമ്പ്യൂട്ടറുകളെ ബാധിച്ചത്. ഞങ്ങൾ ഈ വിഷയങ്ങളെ കുറിച്ച് ബോധവാൻമാരാണ്. ഉപഭോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമായി ഓൺലൈനിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സാങ്കേതിക മാർഗനിർദേശവും പിന്തുണയും നൽകുന്നതിന് ക്രൗഡ്‌സ്ട്രൈക്കുമായും ഐടി മേഖല ഒന്നാകയുമായും ചേർന്ന് പ്രവർത്തിക്കുകയാണ്’ -സത്യ നദെല്ല ട്വീറ്റ് ചെയ്തു.

ഇപ്പോൾ ആഗോളതലത്തിൽ സാങ്കേതിക പ്രശ്നത്തിലായിരിക്കുന്ന വിൻഡോസ് ഒഎസ് മൈക്രോസോഫ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇന്നലെയാണ് ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനം നിലച്ചത്. മൈക്രോസോഫ്റ്റ് വിൻഡോസ് ഒ എസിന്റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചു. ഒപ്പം വ്യോമയാന സർവ്വീസുകൾക്കടക്കം ബുദ്ധിമുട്ട് നേരിട്ടു. ആകാസ എയർ, ഇൻഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലായിട്ടുണ്ട്.. വിമാന കമ്പനികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇൻ, ബോർഡിംഗ് പാസ് ആക്സസ് ഉൾപ്പടെയുള്ള സേവനങ്ങളെയാണ് ബാധിച്ചിട്ടുള്ളത്.

ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് പ്രക്ഷേപണം നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴും പല വിമാനത്താവളങ്ങളിലും ചെക്ക്-ഇന്നും സർവീസുകളും വൈകുകയാണ്. വിൻഡോസ് ഒഎസിൻറെ പ്രവർത്തനത്തിൽ തടസം നേരിട്ടതിൽ ഉപഭോക്താക്കളോട് ക്രൗഡ്‌സ്‌ട്രൈക്ക് സിഇഒ മാപ്പ് ചോദിച്ചു. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിൻറെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണമായത്.