
ഉപോഭക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിന് പുതിയ ഫീച്ചറുമായി ഭക്ഷ്യ ഡെലിവറി ആപ്പായ സൊമാറ്റോ. ഗ്രൂപ്പ് ഓര്‍ഡറിംഗിന് പുത്തന്‍ ഫീച്ചറാണ് സൊമാറ്റോ അവതരിപ്പിച്ചിട്ടുള്ളത്. ഒന്നിലധികം ആളുകള്‍ ഒരിടത്തേക്ക് അവരുടെ ഇഷ്ടത്തിനുസരിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മെനു തെരഞ്ഞെടുക്കല്‍ എളുപ്പമാക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍.
സൊമാറ്റോയില്‍ ഗ്രൂപ്പ് ഓര്‍ഡറിംഗ് വന്നതായി കമ്പനി സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയലാണ് ലിങ്ക്ഡ്ഇന്‍ വഴി അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് പാര്‍ട്ടി നടത്താനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്ന് കരുതുക. പലര്‍ക്കും വേറിട്ട ഭക്ഷണം ആയിരിക്കും ഇഷ്ടം. ഈ സാഹചര്യങ്ങളില്‍ സാധാരണയായി ആവശ്യമായ ഭക്ഷണം ആളുകളോടെല്ലാം ചോദിച്ചറിഞ്ഞാവും ഓര്‍ഡര്‍ ചെയ്യപ്പെടുന്നത്.
അല്ലെങ്കില്‍ മെനു തിരഞ്ഞെടുക്കാന്‍ ഫോണ്‍ പലര്‍ക്കും കൈമാറേണ്ടിവരും. എന്നാല്‍ പുതിയ ഫീച്ചർ വഴി ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനാകും. ഓര്‍ഡര്‍ ചെയ്യാനായി ഒരു ലിങ്ക് ഗ്രൂപ്പിലെ എല്ലാവർക്കും കൈമാറുക മാത്രമാണ് ചെയ്യേണ്ടത്. ആ ലിങ്കില്‍ കയറി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവം കാര്‍ട്ടിലേക്ക് ആഡ് ചെയ്യാനാകും. ഇതോടെ വളരെ എളുപ്പം ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനാകും. പുത്തന്‍ ഫീച്ചര്‍ സൊമാറ്റോയില്‍ ഉടനടി ലഭ്യമാകും എന്നും സൊമാറ്റോ സിഇഒ അറിയിച്ചു.











