ഐ ഫോൺ 16 ചിപ്പിൽ ഒളിപ്പിച്ചിട്ടുള്ളത് വലിയ അത്ഭുതം, നാളെ വരെ കാക്കേണ്ട! ആ രഹസ്യം പുറത്ത്

ആപ്പിൾ ഉടൻ പുറത്തിറക്കാൻ പോകുന്ന 16 സിരീസിലെ ചിപ്പും അതിശയിപ്പിക്കും എന്ന് റിപ്പോർട്ട്. നവീനമായ എ18 ചിപ് സെറ്റിലാണ് ഐഫോൺ 16 സിരീസ് എത്തുന്നത്. സോഫ്റ്റ്-ബാങ്കിൻറെ ഉടമസ്ഥതയിലുള്ള ആം (Arm) ആണ് ഈ ചിപിൻറെ അണിയറശിൽപികൾ എന്ന വിവരമാണ് ഒടുവിലായി പുറത്തുവരുന്നത്. ആംമിൻറെ വി9 ചിപ് ഡിസൈനിലാണ് എ18 നിർമിച്ചിരിക്കുന്നത്. ചിപ് നിർമാണ രംഗത്തെ അതികായരിൽ ഒരാളാണ് ആം എന്ന കമ്പനി. ആപ്പിൾ അടക്കമുള്ള നിരവധി കമ്പനികളുടെ സ്മാർട്ട്ഫോണുകളുടെ ചിപ് പേറ്റൻറ് ഈ കമ്പനിയുടെ കൈവശമാണുള്ളത്.

നാളെയാണ് ഐഫോൺ 16 സിരീസ് പുറത്തിറങ്ങുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബർ 9ന് പ്രകാശനം ചെയ്യും. ഇതിനൊപ്പം ആപ്പിൾ വാച്ച് അടക്കമുള്ള ഗാഡ്ജറ്റുകളും എത്തിയേക്കും. ആപ്പിളിൻറെ സ്വന്തം എഐയായ ആപ്പിൾ ഇൻറലിജൻസിനെ കുറിച്ചുള്ള വിശദാംശങ്ങളും പരിപാടിയിൽ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിൻറെ ലോഞ്ച് ഇവൻറ് ഇന്ത്യയിലും തത്സമയം കാണാനാകും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ (എഐ), 4കെ റെക്കോർഡിംഗ് തുടങ്ങി വലിയ ടാസ്കുകൾ ഏറ്റെടുക്കാൻ പ്രാപ്തമായ ചിപ്പാണ് ഐഫോൺ 16 സിരീസിന് ആവശ്യം. ഈ സാഹചര്യത്തിലാണ് ആപ്പിൾ ആം കമ്പനിയുടെ സഹായം തേടിയത്. വി9 ചിപ് ഡിസൈൻ ആപ്പിൾ പൂർത്തിയാക്കിയത് ആംമിൻറെ പിന്തുണയിലാണ്. 2023 സെപ്റ്റംബറിൽ ആം കമ്പനിയുമായി ദീർഘകാല കരാർ ആപ്പിൾ ഒപ്പിട്ടിരുന്നു. 2040നും ആപ്പുറം നീളുന്ന കരാറാണിത്. ആപ്പിളിനായി പ്രത്യേകം കസ്റ്റമൈസായ ചിപ്പാണ് ആം തയ്യാറാക്കുന്നത്.