
രാജ്യത്ത് സ്‌പാം കോൾ/മെസേജ് രഹിത സേവനം ഒരുക്കാൻ പുതിയ വഴിവെട്ടി ഭാരതി എയർടെൽ. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ, ടാറ്റ ടെലിസർവീസ് തുടങ്ങിയ കമ്പനികളുടെ തലവൻമാർക്ക് ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ കത്തെഴുതിയിരിക്കുകയാണ്. കോർപ്പറേറ്റ് കണക്ഷനുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ടെലികോം ഓപ്പറേറ്റർമാർ പരസ്‌പരം കൈമാറിയാൽ സ്പാം കോളഉകളെ തടയാനാകുമെന്ന് വിറ്റൽ കത്തിൽ പറയുന്നു.
‘ഇക്കാര്യത്തിൽ ആദ്യ ചുവടുവെപ്പ് നടത്താൻ എയർടെൽ തയ്യാറാണ്, കോർപ്പറേറ്റ് നമ്പറുകൾ ഉപയോഗിക്കുന്ന കമ്പനികളുടെ പേരും ആക്റ്റീവ് നമ്പറുകളും എല്ലാ മാസവും കൈമാറാൻ എയർടെൽ ഒരുക്കം. ടെലികോം വ്യവസായത്തിൽ വർധിക്കുന്ന യുസിസി (Unsolicited Commercial Communications) ഭീഷണികൾ മറികടക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്. നമ്മുടെ ഉപഭോക്താക്കളെ ഇത്തരം സ്‌പാം കോളുകളിലും മെസേജുകളിലും നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. ഒറ്റതിരിഞ്ഞുള്ള ശ്രമങ്ങൾക്ക് പകരം എല്ലാ ടെലികോം ഓപ്പറേറ്റർമാരും ചേർന്ന് യോജിച്ച പ്രവർത്തനം ഇതിനായി നടത്തേണ്ടതുണ്ട് എന്നാണ് ഞങ്ങൾ കരുതുന്നത്. തങ്ങളുടെ നെറ്റ്‌വർക്ക് സ്‌പാമർമാർ, പ്രത്യേകിച്ച് കോർപ്പറേറ്റ് കണക്ഷനുകളിലൂടെ ദുരുപയോഗം ചെയ്യുന്നില്ല എന്നുറപ്പാക്കാൻ എല്ലാ കമ്പനികളും പരിശ്രമിക്കണം’- വിറ്റൽ കത്തിൽ വ്യക്തമാക്കുന്നു.











