കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ! പി പത്മരാജൻ വിടവാങ്ങിയിട്ട് 34 വർഷം പിന്നിടുന്നു

പി.പത്മരാജന്‍ വിടവാങ്ങിയിട്ട് 34 വര്‍ഷം പിന്നിടുന്നു. കാലത്തിനു മുന്പേ സഞ്ചരിച്ച ആ പ്രതിഭയുടെ സിനിമകളും രചനകളും ഇന്നത്തെ തലമുറയും നെഞ്ചേറ്റുന്നു. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ കഥാകാരന്‍. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിശേഷങ്ങളാല്‍ സമ്പന്നനാണ് പത്മരാജന്‍ എന്ന പ്രതിഭ. ഒരു സാഹിത്യകാരൻ എന്ന നിലയിലും , ഫിലിംമേക്കർ എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് മലയാളികൾ പപ്പേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പത്മരാജൻ.

ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍. എല്ലാ അര്‍ത്ഥത്തിലും മലയാളിമനസ്സുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കുക. മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ലോലയിലെ വരികളാണിത്.

ജനുവരിയുടെ നഷ്ടമായി, ഒരു വേദനയായി ഇന്നും പത്മരാജൻ മലയാളികളുടെ ഓർമ്മകളിൽ ജീവിക്കുന്നു. ഞാൻ ഗന്ധർവൻ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് കോഴിക്കോടുള്ള ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് അദ്ദേഹം  മരണപ്പെട്ടത്. മലയാളികൾക്ക് മുന്നിൽ ഒരു ഗന്ധർവ്വനായി വന്ന് കുറേ ഓർമ്മകൾ തന്ന് ആ കലാപ്രതിഭ  വിടവാങ്ങി, ഇപ്പോൾ  സിനിമകളും, അക്ഷരങ്ങളും മാത്രം ബാക്കിയാക്കി അദ്ദേഹം ഈ ലോകത്തു നിന്നും മാഞ്ഞുപോയി.