കൊല്ലം നഗരത്തിൽ കൊടിയും, ഫ്ലക്‌സും സ്ഥാപിച്ച സിപിഎമ്മിന് കോർപ്പറേഷന്റെ പിഴ; മൂന്നരലക്ഷം രൂപയാണ് പിഴ

സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും, 2500 കൊടിയും കെട്ടിയതിനാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്

കൊല്ലം നഗരത്തിൽ കൊടിയും, ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും, 2500 കൊടിയും കെട്ടിയതിനാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു.എന്നാൽ സിപിഎം നേതൃത്വം അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തില്‍ കോർപ്പറേഷൻ തീരുമാനമെടുത്തില്ല.

എന്നാൽ കാഴ്ച മറയ്ക്കാതെയും, ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. കൊല്ലം നഗരം മുഴുവൻ ബോർഡുകൾ കെട്ടിയിരിക്കുകയാണെന്നും ഇരുന്നൂറോളം പരാതികളാണ് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേര് പറയാൻ പരാതിക്കാർക്ക് ഭയമാണെന്നും ഹൈക്കോടതി വിമർശിച്ചത്.