
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (IB) റിപ്പോർട്ടിനെ തുടർന്ന് ജനപ്രിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് കേന്ദ്ര സർക്കാർ തടഞ്ഞു. ഐടി ആക്ട് സെക്ഷൻ 69 (എ) പ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം ഈ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കാൻ എക്സ് പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ടത്.
യുവജനങ്ങൾക്കിടയിൽ അതിവേഗം സ്വാധീനം ചെലുത്തുന്ന സിജെപിയുടെ അക്കൗണ്ടിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നത്. ഭരണകൂടത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ഒരു പരിഹാസ കൂട്ടായ്മ (Satirical Movement) എന്ന നിലയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ അക്കൗണ്ട് സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ട് ലഭ്യമാകില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ ഇത് ഇപ്പോഴും സജീവമാണ്. തങ്ങളുടെ അക്കൗണ്ട് തടഞ്ഞതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചു.











