സംസ്ഥാനത്ത് സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രം,തുടർ ഭരണമാണ് ലക്‌ഷ്യം, മുഖ്യമന്ത്രി പിണറായി വിജയൻ

വിഭവ സമാഹരണത്തില്‍ ജനദ്രോഹ നിലപാടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പാർട്ടി നയങ്ങൾക്ക് അകത്തുനിന്നാണ് നയരേഖയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമാണ്. വികസനത്തിനു ജനം അനുകൂലമാണ്, അവരെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകും. തുടർഭരണമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയരേഖയുടെ നടത്തിപ്പിൽ സുതാര്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ സൗജന്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായിരിക്കും. പാര്‍ട്ടി നയത്തില്‍ നിന്നുതന്നെയാണ് നവ കേരള രേഖ.

ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പെന്നും പിണറായി വ്യക്തമാക്കി. വിഭവസമാഹരണത്തില്‍ ചിലര്‍ ആശങ്കയുണ്ടാക്കുന്നു. വിഭവ സമാഹരണത്തില്‍ ജനദ്രോഹ നിലപാടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം വികസന രേഖയിലെ സെസ് നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു. സെസ് നടപ്പാക്കാമെന്ന പൂതി സിപിഎം മനസില്‍ വച്ചാല്‍ മതിയെന്നും പാവപ്പെട്ടവനെ പിഴിയാന്‍ വേണ്ടി സെസും ഫീസുമായിട്ട് വന്നാല്‍ അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.