ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു ജഗ്വാർ ലാൻഡ് റോവർ,ഈ പിന്മാറ്റത്തിനുള്ള കാരണം

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ ജഗ്വാർ ലാൻഡ് റോവർ. ആഗോള കമ്പനിയായ ടെസ്‌ലയും,ചൈനീസ് കമ്പനിയായ ബിവൈഡിയും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ ഇങ്ങനൊരു പിൻമാറ്റമെന്നത് ശ്രദ്ധേയമാണ്.പ്രാദേശികമായി മികച്ച ഗുണനിലവാരത്തിലും അനുയോജ്യമായ വിലയിലും ഘടകങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടു നേരിടുന്നതാണ് പിൻമാറ്റത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈദ്യുത കാറുകൾക്ക് ആവശ്യം കുറയുന്നതും പദ്ധതിയിൽനിന്നു പിൻമാറാൻ ജഗ്വാർ ലാൻഡ് റോവറിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിലൊരുക്കുന്ന ഫാക്ടറിയിൽ ജഗ്വാർ ലാൻഡ് റോവറിന്റെ വൈദ്യുത വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ പദ്ധതിയുള്ളതായി കഴിഞ്ഞവർഷമാണ് പ്രഖ്യാപനം വന്നത്. 8,708 കോടി രൂപ ചെലവിലാണ് തമിഴ്നാട്ടിൽ ഫാക്ടറി ഒരുക്കുന്നത്. ചൈനീസ് കമ്പനികളുമായുള്ള കടുത്ത മത്സരത്തിൽ ആഗോളതലത്തിൽ കാർ കമ്പനികൾ വൈദ്യുത വാഹന ഉത്പാദനവുമായി ബന്ധപ്പെട്ട നയം പുനരവലോകനം ചെയ്യുന്നുണ്ട്. ഹൈബ്രിഡ് വാഹനങ്ങൾക്കാണ് ഇപ്പോൾ വിപണിയിൽ നല്ല മാർക്കറ്റിങ്. മലിനീകരണം കുറയ്ക്കാനുള്ള നിർദേശത്തിൽ സർക്കാർ ഇളവുകളും നയംമാറ്റത്തിനു പിന്നിലുണ്ട്.