
ആശാ വർക്കർമാരുടെ സമരത്തിനെതിരെ, സിപിഎം നേതാവ് എ വിജയരാഘവൻ്റെ വിമർശനം. യഥാർത്ഥ ആശാ വർക്കർമാരല്ല ഈ സമരത്തിലുള്ളതെന്നും, കുറച്ചുപേരെ പണം കൊടുത്ത് ഈ സമരത്തിനായി കൊണ്ടു വന്നിരുത്തിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അഞ്ഞൂറുപേരെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് കാശും കൊടുത്ത് റൂമും കൊടുത്ത് അവിടെ കിടത്തിയിരിക്കുകയാണ്. ആറ് മാസത്തെ സമരമാണ് ഇത്. അവർ അവിടെ നിന്നും പോകില്ല.ഇനിയും ആശ പോയാൽ ,അംഗണവാടിയെ കൊണ്ടുവന്ന് ഇരുത്തുമെന്ന് എ വിജയരാഘവൻ അധിക്ഷേപിച്ചു.
ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള സമരത്തിന്റെ ആയുധമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മൂന്നാമത് ഭരണം വരാതിരിക്കാൻ വലിയ പരിശ്രമം നടക്കുന്നു. എല്ലാ പ്രതിലോമ ശക്തികളും അതിന് വേണ്ടി ശ്രമിക്കുന്നു. അതിനുവേണ്ടി ദുര്‍ബലരെ ഉപയോഗിക്കുന്നുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ കുറ്റപ്പെടുത്തി. മലപ്പുറം എടപ്പാളില്‍ സിപിഎം പൊതുയോഗത്തിലാണ് എ വിജയരാഘവന്റെ രൂക്ഷ വിമര്‍ശനം.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ 38 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ ഇന്ന് രണ്ട് വട്ടം നടത്തിയ ചർച്ചകള്‍ പൊളിഞ്ഞു. വേതനം കൂട്ടുന്നതിൽ ഒരു ഉറപ്പും നൽകാതെ സമരം നിർത്തണമെന്ന് മാത്രം ആരോഗ്യമന്ത്രി ഉപദേശിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്.











