സ്‌കൂൾ ബസ്സുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകൾ സ്ഥാപിക്കണ൦, തീരുമാനം ഉറപ്പിച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ

സ്കൂള്‍ ബസുകളിൽ അകത്തും, പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ വെളിപ്പെടുത്തി. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും, ചോദ്യോത്തര വേളയിൽ മന്ത്രി ഗണേഷ് കുമാർ വിവരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.

അതേസമയം ,കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്നും നേരത്തെ 78% 80 % വന്നതാണ് ഇപ്പോള്‍ കുറഞ്ഞതെന്നും മന്ത്രി  ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.അതുപ്പോലെ  സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.