തൊപ്പി മാത്രമല്ല സുരേഷ് ഗോപി പോലീസ് വേഷത്തിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്, ഈ കാര്യത്തിൽ കുഞ്ചൻ നമ്പ്യാർ മുൻപേ മരിച്ചത് നന്നായി, വീണ്ടും വിമർശനവുമായി കെ ബി ഗണേഷ് കുമാർ

കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ​ഗണേഷ് കുമാർ രംഗത്ത് എത്തി. ബിജെപിയുടെ സമരത്തിന് പിന്നാലെയാണ് ​ഗണേഷ് വീണ്ടു൦ വിമർശനവുമായി എത്തിയത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോ, അതാണ് ഞാൻ പറഞ്ഞത്.തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. ഈ കാര്യത്തിൽ കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. ഒരു വിമർശനവും പാടില്ലേ ഈ നാട്ടിൽ? പോലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ എനിക്കെതിരെ സമരം ചെയ്യേണ്ടത് ഗണേഷ് കുമാർ പറഞ്ഞു.

വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. ആളുകളെ മനസ്സിലാക്കാൻ നമുക്ക് കിട്ടുന്ന അവസരമാണ് ഇതെല്ലാം. ഉദ്ദേശ്യം സമരമോ പ്രതിഷേധമോ മന്ത്രിയോടുള്ള പിണക്കമോ ഒന്നുമല്ല. സമരത്തിന് വേറെ കാരണമൊന്നും ഇല്ലെങ്കിൽ തൊപ്പി കേസിലും സമരം ചെയ്യാം.സിനിമ ഷൂട്ടിങ്ങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് ഞാൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നുവെങ്കിൽ മോശം മോശം എന്നേ പറയാനുള്ളൂ. അപ്പോ അങ്ങനെയൊരു തൊപ്പിയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു,ഗണേഷ് കുമാർ പറയുന്നു.