
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാ൦, പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതുപോലെ അദ്ദേഹം പറയുന്നു, ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലായിരുന്നു എന്നുമാണ്. അതുപോലെ ഈ കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും വി ശിവൻകുട്ടി ആരോപിച്ചു. പൂർണ്ണ പിന്തുണ എൽഡിഎഫ് പിണറായിക്ക് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായം ആണുള്ളതെന്നും കേന്ദ്ര സർക്കാരിന്റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. മൂന്ന് പദ്ധതികൾ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റെന്നും വി ശിവൻകുട്ടി ചോദിച്ചു.
അതേസമയം, സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മകളുടെ കാര്യവും കേസും അതുവഴി നടക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.











