ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല; പാർട്ടിയുടെ പ്രവർത്തനരീതികളിൽ അഴിച്ചുപണി അനിവാര്യം, എം എ ബേബി

സിപിഎമ്മിൻറെ ദേശീയ തലത്തിലെ വളർച്ചയ്ക്ക് പാർട്ടിയുടെ പ്രവർത്തന രീതികളിൽ അഴിച്ചു പണി അനിവാര്യമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. ആർഎസ്എസിന്‍റെ സ്വാധീനം കൂടുന്നത് ചെറുക്കാൻ പാർട്ടി പുതുവഴികൾ തേടേണ്ടതുണ്ട് എംഎ ബേബി പറഞ്ഞു. യുവാക്കളുടെ ഇടയിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പാർട്ടിക്ക് ഇതിനോട് പ്രതികരിക്കാൻ കഴിയുന്നില്ല. പാർട്ടിക്ക് പുതിയ ആശയങ്ങൾ കണ്ടെത്താനോ ഭാവനാപരമായി ചിന്തിക്കാനോ കഴിയുന്നില്ല. സമരങ്ങളിലെ പങ്കാളിത്തം പോലും ചടങ്ങായി മാറുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും പാർട്ടിക്കാകുന്നില്ലെന്നത് സ്വയം വിമർശനപരമായി വിലയിരുത്തുന്നുവെന്നും എംഎ ബേബി വ്യക്തമാക്കി. അതേസമയം ,എം.എ. ബേബിയെക്കുറിച്ച് അറിയില്ലെന്നും, ഗൂഗിൾ ചെയ്യേണ്ടി വരുമെന്നുമാണ് ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ്കുമാർ ദേബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 1989 മുതൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലും 2012 മുതൽ പോളിറ്റ്ബ്യുറൊയിലും ഉണ്ടെങ്കിലും ബേബി അഖിലേന്ത്യാതലത്തിൽ താരതമ്യേന അറിയപ്പെടാത്ത മുഖമാണ്.അതിനാലാണ് ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ്കുമാർ ദേബ് ഇങ്ങനൊരു പരാമർശം നടത്തിയിരുന്നത്.