
സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് ടി വീണ എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ചു വീണയുടെ ഭർത്താവും, മന്ത്രിയുമായ മുഹമ്മദ് റിയാസ്. വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട ആ വാര്‍ത്ത തെറ്റാണ്, ഇല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറയുന്നു. നല്‍കിയ മൊഴി എന്താണോ അത് ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ബാക്കിയൊക്കെ കോടതിയില്‍ നില്‍ക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ, കോടതിയിൽ നിൽക്കുന്ന വിഷയം ആയതിനാൽ മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും നൽകുന്ന കാര്യങ്ങൾ മൊഴിയായി പുറത്തുവരുന്നു. പാർട്ടിയുടെ കാര്യം പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎല്ലിന് താൻ സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴി നൽകിയതായുളള എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശമാണ് പുറത്തുവന്നത്. ചെന്നൈ ഓഫീസിൽ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ ഇത്തരത്തിൽ മൊഴി നൽകിയത്. സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയതായും എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ട്.











