
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് വന്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി ബിജെപി. സെപ്റ്റംബര്‍ 17-നാണ് മോദിയുടെ ജന്മദിനം. ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളെ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 17-ന് മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന രണ്ട് ആഴ്ച നീളുന്ന വിപുലമായ പരിപാടികളാണ് ബിജെപി കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ 17-ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഒക്ടോബര്‍ 2-ന് ഗാന്ധിജയന്തിയോടെ സമാപിക്കും. ‘സേവ പഖ്വാഡ’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെടുക. മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരും ബിജെപി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും അറിയിച്ചു.











