പുതിയ ജിഎസ്‍ടി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇനി 5% ,18% സ്ലാബുകള്‍ മാത്രം

ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ.  നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നതാണ് പ്രത്യേകത.  ഇനി  5, 18 ശതമാനം എന്നീ രണ്ടു സ്ലാബുകൾ മാത്രമായിരിക്കും ജിഎസ്ടി നികുതി നിരക്ക്. 12, 28 സ്ലാബുകൾ ഒഴിവാക്കിയാണ് ഈ നീക്കം.  ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിഅറിയിച്ചു.

പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നൽകുന്ന വിവരമാണ്. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറച്ചെന്ന് അമുൽ അറിയിച്ചു.

വെണ്ണ, നെയ്യ്, പാലുത്പന്നങ്ങൾ, ഷാമ്പു, ഹെയർഓയിൽ, ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ, വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികൾ, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, മാർബിൾ, ഗ്രാനേറ്റ്, സിമന്റ് തുടങ്ങിയവക്ക് വില കുറയും.

പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 2,500 രൂപയിൽ കൂടുതൽ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, കാർബണേറ്റ് പാനീയങ്ങൾ, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങൾ തുടങ്ങിയവക്ക് വില കൂടും.