ബ്രാഡ് പിറ്റ് ഷാരുഖ് ഖാനെ കോപ്പിയടിച്ചോ? അതോ മറിച്ചോ? സംവിധായകന്റെ മറുപടി

2024ലെ ഹോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ബ്രാഡ് പിറ്റ് നായകനായി എത്തിയ റേസിങ് ചിത്രം ‘എഫ് 1’. ഈ സിനിമയിലെ നടന്റെ പ്രകടനവും ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രാഡ് പിറ്റിന്റെ ഈ ലുക്കിന് സമാനമാണ് ‘കിംഗ്’ സിനിമയില്‍ ഷാരൂഖ് ഖാന്റേത് എന്നാണ് ഈ ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ട ചിലരുടെ കണ്ടെത്തൽ.

ട്രെയ്‌ലറിൽ നീല ഡെനിം ഷർട്ടും, ടാൻ ജാക്കറ്റും ബാഗും ഇട്ട് വരുന്ന ഷാരൂഖിനെആണുളളത്. ഈ ലുക്ക് ബ്രാഡ് പിറ്റില്‍ നിന്ന് കോപ്പി അടിച്ചതാണോ എന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സാമ്യം ചൂണ്ടിക്കാണിച്ച് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. ട്രോളുകള്‍ വൈറലായതോടെ ഒരു ചിരിക്കുന്ന ഇമോജി പങ്കുവച്ചാണ് കിംഗിന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് പ്രതികരിച്ചത്.

അതേസമയം, 2017ൽ റിലീസ് ആയ ഇംതിയാസ് അലിയുടെ ‘ജബ് ഹാരി മെറ്റ് സേജൽ’ എന്ന ചിത്രത്തിലും ഷാരൂഖ് ഈ കളർ കോംപിനേഷനിലുള്ള ഒരു കോസ്റ്റ്യൂം ആണ് ധരിച്ചിരുന്നത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ ബ്രാഡ് പിറ്റ് ഇന്ത്യൻ സൂപ്പർ താരത്തെയല്ലേ കോപ്പിയടിച്ചതെന്നും ഇവർ ചോദിക്കുന്നു.