
ദ്വിവത്സര എയർ ഷോയായ ദുബായ് എയർ ഷോയിൽ പ്രകടനത്തിനിടെ ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമായ തേജസ് തകർന്നു വീണു. വെള്ളിയാഴ്ച (നവംബർ 21, 2025) പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെയാണ് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന് സമീപം അപകടമുണ്ടായത്.
പ്രദർശന പറക്കൽ കണ്ടുനിന്ന കാഴ്ചക്കാർ നോക്കിനിൽക്കെ വിമാനം തകർന്നുവീഴുകയായിരുന്നു. ഉടൻതന്നെ തകർന്ന സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു. രക്ഷാപ്രവർത്തനത്തിനായി സൈറണുകൾ മുഴങ്ങി.
പൈലറ്റ് വിമാനത്തിൽനിന്ന് പുറത്തുകടന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ ലഭ്യമായില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനകരമായ തദ്ദേശീയ നിർമ്മിത വിമാനമായ തേജസ്, ദുബായ് എയർ ഷോയിൽ പ്രകടനം കാഴ്ചവെക്കുന്നതിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എയർ ഷോയുടെ അവസാന ദിവസമാണ് ഈ അപകടം സംഭവിച്ചത്.











