മൂന്ന് ദിവസത്തിൽ 136 കോടി; നാനിയുടെ ‘ദ പാരഡൈസ്’ ബോക്സ് ഓഫീസിൽ കുതിക്കുന്നു

തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. ആഗോളതലത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 136 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ. ഇതോടെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്.

‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവ് സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വലിയ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ‘ദ പാരഡൈസ്’ ഒരു അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ കൂടിയാണെന്ന് നാനി നേരത്തെ വ്യക്തമാക്കിയിരുന്നു. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയ ചിത്രത്തിൽ ജദാൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരമായാണ് കഥാപാത്രത്തെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും വലിയ സ്വീകാര്യത നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾ, മാസ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ ശ്രദ്ധ നേടിയ ടീസർ ചിത്രത്തിലെ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും വ്യക്തമാക്കിയിരുന്നു.

‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ‘ദ പാരഡൈസി’ലെ വില്ലൻ. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗ്ലിംപ്സ് വീഡിയോയും നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്കിന് പുറമെ കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലായി എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയത്.