ഡൽഹിയിൽ വായു ഗുണനിലവാരം മോശം വിഭാഗത്തിൽ

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമാകുകയാണ്. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യൂഐ 362 ആണ്. മലിനീകരണം കാരണം സ്‌കൂളുകൾക്ക് ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

യമുനയിലെ വിഷപ്പത നീക്കാൻ പുതിയ തന്ത്രം

അതിനിടെ, യമുനാ നദിയിൽ വീണ്ടും വിഷപ്പത (Toxic Foam) അടിഞ്ഞുകൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്. ഛഠ് പൂജയോടനുബന്ധിച്ച് രാസവസ്തുക്കൾ തളിച്ച് നേരത്തെ പത നീക്കം ചെയ്തിരുന്നു. എന്നാൽ, വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ, സ്പീഡ് ബോട്ടുകൾ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ബോട്ടുകൾ വിഷപ്പതയ്ക്ക് മുകളിലൂടെ ഓടിച്ച് പത അലിയിച്ചു കളയാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായതിനെ തുടർന്നാണ് സർക്കാർ ഈ അടിയന്തര നടപടി സ്വീകരിച്ചത്. മലിനീകരണത്തിൻ്റെ ഇരട്ട ഭീഷണിയാണ് നിലവിൽ ഡൽഹി നേരിടുന്നത്.