വ്യാജ ചിത്രം കണ്ട് ഞെട്ടി കീർത്തി സുരേഷ്; ആശങ്ക പങ്കുവെച്ച് താരം

പ്രമുഖ തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) ദുരുപയോഗത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. ഒരു ഓൺലൈൻ പരിപാടിക്കിടയിലെ തന്റെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് എ.ഐ. ഭീഷണിയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

പോളിമർ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി സുരേഷ് തന്റെ അനുഭവം പങ്കുവെച്ചത്.

“അടുത്തിടെ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഞാൻ ഇരുന്നിരുന്ന ഒരു മോശം ആംഗിളിലുള്ള ഫോട്ടോയായിരുന്നു അത്. കുറച്ച് നേരം ഞാൻ ആ ചിത്രം ശ്രദ്ധിച്ചു നോക്കി. ആ പരിപാടിക്ക് ഞാൻ ശരിക്കും അങ്ങനെയാണോ ഇരുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി. പിന്നീട് മനസ്സിലായത് ആരോ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോയായിരുന്നു അതെന്നാണ്,” കീർത്തി സുരേഷ് പറഞ്ഞു.

ഒറ്റനോട്ടത്തിൽ ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇത്തരം എ.ഐ. ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതെന്നും താരം ചൂണ്ടിക്കാട്ടി. “ഇതൊരു കൃത്രിമ ചിത്രമാണെന്ന് പെട്ടെന്ന് നോക്കുന്ന ആർക്കും മനസ്സിലാകില്ല. എ.ഐയുടെ ഈ കടന്നുകയറ്റം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് ഒരു പിടിയുമില്ല,” താരം ആശങ്കപ്പെട്ടു.

തനിക്കും നടി സാമന്തയ്ക്കുമൊപ്പമുള്ള എ.ഐ. ജനറേറ്റഡ് ചിത്രങ്ങളും ആളുകൾ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും കീർത്തി സംസാരിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘റിവോൾവർ റീറ്റ’യുടെ പ്രതീക്ഷകൾ:

അതേസമയം, കീർത്തി സുരേഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘റിവോൾവർ റീറ്റ’യുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, കീർത്തി സുരേഷ് കരുത്തും ധൈര്യവുമുള്ള, വൈവിധ്യമാർന്ന സ്വഭാവമുള്ള കഥാപാത്രമായാണ് എത്തുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഹാസ്യവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

‘മഹാനടി’യിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തന്റെ കഴിവ് തെളിയിച്ച കീർത്തിയ്ക്ക് ‘റിവോൾവർ റീറ്റ’ കരിയറിൽ പുതിയ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും