നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ വിധിയിൽ പ്രതികരണവുമായി രഞ്ജി പണിയ്ക്കർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിയ്ക്കർ. കോടതി വിധി അനുകൂലമാകാത്ത പക്ഷം ഒരു വിഭാഗത്തിന് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ കോടതി ഉത്തരവ് പൂർണ്ണമായി വായിച്ചിട്ടില്ലെന്നും, എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നതെന്നും രഞ്ജി രഞ്ജി പണിയ്ക്കർ പറഞ്ഞു. ദിലീപ് കുറ്റവാളിയല്ല എന്നാണ് കോടതി കണ്ടെത്തിയത്.

“വിധി എതിരാകുന്ന സാഹചര്യത്തിൽ ഒരു ഭാഗത്തുള്ള ആളുകൾക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചന നടന്നു എന്ന് ദിലീപ് തന്നെ പലപ്പോഴും പറയുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം ദിലീപിന് ഉണ്ടായാൽ അതിൽ എന്ത് തെറ്റാണുള്ളത്?

നമ്മുടെ രാജ്യത്ത് പോലീസുകാർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടില്ലേ? അതുപോലെ മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? മാധ്യമങ്ങൾക്ക് തീർച്ചയായും അജണ്ടയുണ്ട്. അവർ കെട്ടിപ്പൊക്കുന്ന കാര്യങ്ങളെ സാധൂകരിക്കാൻ വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാകും.

ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. കോടതി ശിക്ഷിച്ചത് കുറ്റവാളികളെയാണ്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്. ഈ വിധിക്കെതിരെ സർക്കാരിന് അപ്പീൽ പോകാൻ അവകാശമുണ്ട്.”